ബംഗ്ലാദേശിലെത്തി കീഴടങ്ങുമെന്ന് ഷെയ്ഖ് ഹസീന; കാത്തിരിക്കുന്നത് വധശിക്ഷ

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നു. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ഡിസംബറിൽ പാർട്ടി നേതാക്കൾക്കൊപ്പം ബംഗ്ലാദേശിൽ ചെന്ന് കീഴടങ്ങാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ കാത്തിരിക്കുന്നത് വധ ശിക്ഷയടക്കമുള്ള കോടതി വിധികളാണ്. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
'ഞാൻ തിരിച്ചെത്തുമ്പോൾ അവർക്ക് എന്നെ അറസ്റ്റ് ചെയ്യാം, എന്റെ ജീവൻ തന്നെ എടുത്തേക്കാം, എങ്കിലും എനിക്ക് പോകണം, എന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും വലിയ അടിച്ചമർത്തലുകളാണ് നേരിടേണ്ടി വരുന്നത്. മരിക്കുകയാണെങ്കിൽ എന്റെ മാതാപിതാക്കളെ അടക്കം ചെയ്തതും അവരുടെ രക്തം ചിന്തിയതുമായ എന്റെ സ്വന്തം മണ്ണിലായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്' ഷെയ്ഖ് ഹസീന റോയിട്ടേഴ്‌സുമായിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞു.
2024-ലാണ് വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തെ ഭരണം അവസാനിപ്പിച്ച ഹസീനയ്ക്ക് നാടുവിടേണ്ടി വന്നത്. വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചത്.
വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്താൻ ഉത്തരവിട്ടതിനും, മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യങ്ങൾ ചെയ്‌തെന്നും ചൂണ്ടിക്കാട്ടി ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് ബംഗ്ലാദേശ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് 2025 നവംബറിലാണ് ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽഅവരുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചത്. 1,400-ഓളം പേർ ഈ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടിരുന്നുവെന്നാണ് കണക്കുകൾ.
ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വധശിക്ഷ നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Content Highlights: Sheikh Hasina plans to return to Bangladesh in December 2026., She faces a death sentence issued by the International Crimes Tribunal in November 2025., The Awami League party remains banned in Bangladesh., Hasina cites the suffering of her party workers as the primary reason for her return., The Bangladesh government continues to demand her extradition from India.