‘അന്ന് അവർ അധികാരം വേണ്ടെന്നുവെച്ചു’; സിദ്ധരാമയ്യയുമായുള്ള പോരാട്ടത്തിനിടെ സോണിയയെ ഉദാഹരിച്ച് ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി സിദ്ധരാമയ്യയുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ ഉദാഹരിച്ച് ഡി.കെ. ശിവകുമാര്‍. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയയ്ക്ക് അവസരം ലഭിച്ചുവെങ്കിലും അവര്‍ അത് നിരാകരിക്കുകയും മന്മോഹന് സിങ്ങിന് അവസരം നല്‍കുകയും ചെയ്തുവെന്നായിരുന്നു ശിവകുമാറിന്റെ വാക്കുകള്‍. ബെംഗളൂരുവില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷം കോണ്‍ഗ്രസിന്റെ അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി. അവരും അധികാരത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതി അബ്ദുള്‍ കലാം അവരെ പ്രധാനമന്ത്രിയാകാന്‍ വിളിച്ചു. എന്നാല്‍, അവര്‍ അത് നിരസിച്ചു. രാജ്യത്തെ മുന്നോട്ടുനയിക്കാനാകുന്ന വ്യക്തിയെന്ന നിലയ്ക്ക് മന്മോഹന് സിങ്ങിനെ നിര്‍ദേശിച്ചു, ശിവകുമാര്‍ പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യ നേതൃത്വംനല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം നില്ക്കാന് കര്‍ണാടകയിലെ ജനങ്ങളോട് ശിവകുമാര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നുകൂടി തങ്ങളെ അനുഗ്രഹിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിസ്ഥാനം പെങ്കിടുന്നത് സംബന്ധിച്ച തർക്കം കർണാടക രാഷ്ട്രീയത്തിൽ വലിയ തർക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. വാക്ക് പാലിക്കുന്നതാണ് ഏറ്റവും വലിയ ശേഷിയെന്ന് ഹൈക്കമാന്‍ഡിനെ ഉന്നമിട്ടുകൊണ്ട് ഡി.കെ.ശിവകുമാര്‍ ചര്‍ച്ചകള്‍ക്ക് മുമ്പ് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, അത്തരം ഒരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. എംഎല്‍എമാരുടെ പൊതുതാത്പര്യം അനുസരിച്ച് തീരുമാനിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെടുന്നു. എംഎല്‍എമാരില്‍ കൂടുതല്‍ പേരും തന്നെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടപ്പാക്കണമെന്ന നിലപാടിലാണ് സിദ്ധരാമയ്യ.
എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുത്തതിനുശേഷം മതി മന്ത്രിസഭാ പുനഃസംഘടനയെന്നാണ് ശിവകുമാറിന്റെ നിലപാട്. കെപിസിസി അധ്യക്ഷസ്ഥാനത്തും മാറ്റത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിലേറെയായി കെപിസിസി അധ്യക്ഷനായി തുടരുന്ന ശിവകുമാര്‍ പദവി ഒഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കിയാണ് ശിവകുമാര്‍ കെപിസിസി അധ്യക്ഷപദവി ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്.
Content Highlights: she sacrificed power dk shivakumar note on sonia gandhi as karnataka chief minister row deepens