'ഈ അവസരം മുതലെടുക്കൂ'; കോക്രോച്ച് ജനതാ പാർട്ടി വിഷയത്തിൽ പ്രതിപക്ഷത്തോട് ശശി തരൂരിന്റെ ഉപദേശം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പെട്ടെന്നുള്ള വമ്പൻ ജനപ്രീതി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് ഉപദേശവുമായി കോൺഗ്രസ് എംപി ശശി തരൂർ. യുവാക്കളുടെ നിരാശയും രാഷ്ട്രീയത്തോടുള്ള വിയോജിപ്പും പ്രകടിപ്പിക്കുന്ന ഈ തരംഗത്തെ പ്രതിപക്ഷം കൃത്യമായി വിനിയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിജെപി എന്ന കൂട്ടായ്മ വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസം മാത്രമല്ലെന്ന് തരൂർ വ്യക്തമാക്കി. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചും കോക്രോച്ച് പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറിയിരിക്കുകയാണെന്നും, ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിജെപിയുടെ എക്സ് അക്കൗണ്ട് തടഞ്ഞ അധികൃതരുടെ നടപടിയെ ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിച്ച തരൂർ, ഇത്തരം ക്രിയാത്മകമായ പ്രതിഷേധങ്ങൾക്ക് വേദിയൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് എക്സിൽ കുറിച്ചു. വിവേകശൂന്യമായ നടപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വൈറൽ ട്രെൻഡ് പ്രതിപക്ഷം പ്രയോജനപ്പെടുത്തേണ്ട ഒരു അവസരമാണെന്നും ശശി തരൂർ എക്സിലൂടെ അഭിപ്രായപ്പെട്ടു. യുവാക്കൾക്കിടയിൽ വളർന്നുവരുന്ന ഈ രാഷ്ട്രീയ മാറ്റത്തിനുള്ള താത്പര്യത്തെ തങ്ങളുടെ പ്ലാറ്റ്ഫോമുകളിലേക്ക് ആകർഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ പരിശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. യുവാക്കളുടെ ഈ ഊർജത്തെ വോട്ടാക്കി മാറ്റാൻ പ്രതിപക്ഷ പാർട്ടികൾക്ക് ലഭിച്ച അപൂർവ്വമായ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി). പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ചിത്രങ്ങളും ചെറുവീഡിയോകളും ഉൾപ്പെടെ അൻപതോളം പോസ്റ്റുകൾ മാത്രമാണ് ഇതിനകം സിജെപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'യുവാക്കൾക്കുവേണ്ടി യുവാക്കളാൽ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി' എന്നാണ് സിജെപിയുടെ ഇൻസ്റ്റഗ്രാം ബയോവിലുള്ളത്. അഭിജീത്ത് ദിപ്കെ എന്ന യുവാവാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പിന്നിൽ. സിജെപിയുടെ സ്ഥാപക പ്രസിഡന്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കോക്രോച്ച് ജനതാ പാർട്ടിക്കായി വെബ്സൈറ്റും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആർക്കും 'പാർട്ടി'യിൽ ചേരാം. ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ നേരത്തേ ബിജെപിയെ, സിജെപി മറികടന്നിരുന്നു. 87 ലക്ഷം ഫോളോവർമാരാണ് ബിജെപിക്കുള്ളത്. നിലവിൽ ഒരുകോടി 8 ലക്ഷം ഫോളോവർമാരുള്ള കോക്രോച്ച് പാർട്ടിയുടെ മുന്നിൽ ഇനിയുള്ളത് കോൺഗ്രസാണ്. ഒരുകോടി 33 ലക്ഷം ഫോളോവർമാരാണ് നിലവിൽ കോൺഗ്രസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ഫോളോ ചെയ്യുന്നത്.
Content Highlights: Shashi Tharoor views CJP as a reflection of youth disillusionment with mainstream politics., CJP has surpassed BJP in Instagram followers with over 10 million followers., Tharoor criticizes the blocking of CJP's social media accounts as undemocratic., Opposition parties are urged to channel this digital energy into formal political engagement.