‘ബിജെപിയില്‍ പൊയ്ക്കൂടേ എന്തിനാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നത്?'; തരൂരിന്റെ മോദിസ്തുതിയ്ക്കെതിരേ വിമർശനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിളിച്ച സന്ദീപ്, എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും ആരാഞ്ഞു. തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ചതിനാണ് സന്ദീപ്, തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിശേഷിപ്പിച്ചത്.
''രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?' ദീക്ഷിത് ചോദിച്ചു.
ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെ നയങ്ങളേക്കാള്‍ നല്ലതാണെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ അക്കാര്യം വിശദീകരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ ഒരു ഹിപ്പോക്രാറ്റാണെന്നും സന്ദീപ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രശംസിക്കത്തക്കതായി ഒന്നും താന്‍ കണ്ടില്ലെന്നും ശശി തരൂര്‍ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു സുപ്രിയയുടെ വാക്കുകള്‍.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നേരിട്ട് പങ്കെടുത്തതിന്റെ അനുഭവം വിവരിച്ച് ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പാണ് വിവാദമായത്.
രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങില്‍ മോദിയുടെ പ്രസംഗത്തെയാണ് തരൂര്‍ പുകഴ്ത്തിയത്. ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങില്‍ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂര്‍ തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി വാദിക്കുകയും ചെയ്തതായി ശശി തരൂര്‍ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.
ശശി തരൂര്‍ പ്രധാനമന്ത്രിയെക്കുറിച്ച് പുകഴ്ത്തി ആദ്യമായല്ല സംസാരിക്കുന്നത്. തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് കാലമായി വഷളായിട്ടുണ്ട്, പ്രത്യേകിച്ചും ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൗഹൃദ രാജ്യങ്ങളിലേക്ക് അയച്ച സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ പ്രതിപക്ഷ മുഖങ്ങളിലൊന്നായി തരൂരിനെ തിരഞ്ഞെടുത്ത സമയം മുതലാണ് തരൂരും പാര്‍ട്ടിയും തമ്മില്‍ തെറ്റിത്തുടങ്ങിയത്. യുഎസിലേക്കും മറ്റ് നാല് രാജ്യങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തെ നയിച്ച തരൂര്‍ പിന്നീട് പലയവസരങ്ങളില്‍ പാര്‍ട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
Content Highlights: Senior Congress leader Sandeep Dixit slams Shashi Tharoor for praising PM Modi, calling him a `hypocrite` and questioning his loyalty to Congress.