കോൺഗ്രസ് പുനഃസംഘടനാ വിവാദം; ദിഗ്‌വിജയ് സിങ്ങിന് പിന്തുണയുമായി ശശി തരൂർ എം.പി

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വേണമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ നിലപാടിനെ പിന്തുണച്ച് ശശി തരൂർ എം.പി. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ദിഗ്‌വിജയ് സിങ്ങിന്റെ നിലപാടിനെ പിന്തുണക്കുന്നുവെന്നും തരൂർ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി-ആർ.എസ്.എസ് സംഘടനകളെ പുകഴ്ത്തുന്ന തരത്തിലുള്ള ദിഗ്‌വിജയ് സിങ്ങിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. സിങ്ങുമായി തനിക്ക് സൗഹൃദമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും ശശി തരൂർ വ്യക്തമാക്കി. എന്നാൽ, ആർ.എസ്.എസിനെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത പദവികളിലേക്ക് വളരാൻ ബി.ജെ.പി-ആർ.എസ്.എസ് സംവിധാനങ്ങൾ അവസരം നൽകുന്നുണ്ടെന്നായിരുന്നു സിങ്ങിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി എൽ.കെ അദ്വാനിക്ക് സമീപം തറയിലിരിക്കുന്ന പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
ഗുജറാത്തിൽ ബിജെപി നേതാവ് എൽ.കെ. അദ്വാനി ഗുജറാത്തിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ചടങ്ങിലെ ക്വോറ സ്‌ക്രീൻഷോട്ട് ആണ് അദ്ദേഹം ശനിയാഴ്ച എക്‌സിൽ പങ്കുവെച്ചത്. 1990-കളിലെ മോദിയുടെ ഗുജറാത്തിലെ രാഷ്ട്രീയ വളർച്ച രേഖപ്പെടുത്തുന്ന ചിത്രമാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ യുവാവായ നരേന്ദ്ര മോദി അദ്വാനിയുടെ സമീപം തറയിൽ ഇരിക്കുന്നത് കാണാം. ഒരിക്കൽ മുതിർന്ന നേതാവിനടുത്ത് തറയിൽ ഇരുന്ന ഒരു പ്രവർത്തകൻ സംഘപരിവാർ-ബിജെപി സംവിധാനത്തിനുള്ളിൽ വളർന്ന് മുഖ്യമന്ത്രിയും ഇന്ന് പ്രധാനമന്ത്രിയും ആയതെങ്ങനെ എന്ന് നമ്മൾ ചിന്തിക്കണമെന്നായിരുന്നു പോസ്റ്റ്.
ഈ പരാമർശം കോൺഗ്രസ് പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചതോടെ താൻ ബി.ജെ.പി-ആർ.എസ്.എസ് ആശയങ്ങളുടെ ശക്തനായ എതിരാളിയായി തുടരുന്നുവെന്ന് ദിഗ്‌വിജയ് സിങ് പിന്നീട് വ്യക്തത വരുത്തിയിരുന്നു.
Content Highlights: Shashi Tharoor MP supports Digvijaya Singh`s call for comprehensive Congress reforms, emphasizing strengthening the party`s organizational structure and decentralizing power