'SFIO ഉറപ്പ് ലംഘിച്ചു'; എക്‌സാലോജിക്- സിഎംആര്‍എല്‍ കേസില്‍ വ്യക്തത വരുത്തി ഡല്‍ഹി ഹൈക്കോടതി

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | ഡൽഹി ഹൈക്കോടതി | ചിത്രം: പിടിഐ
പ്രതീകാത്മകചിത്രം | ഡൽഹി ഹൈക്കോടതി | ചിത്രം: പിടിഐ

ന്യൂഡല്‍ഹി: എക്‌സാലോജിക്- സിഎംആര്‍എല്‍ കേസില്‍ അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ്. മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. എന്ത് കൊണ്ടാണ് ഉറപ്പ് പാലിക്കാത്തത് എന്ന് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞു.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ നിയമ സാധുത ചോദ്യംചെയ്ത് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചത് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം രണ്ടാം തീയതി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഫയല്‍ ചെയ്യില്ല എന്ന വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒ യുടെ അഭിഭാഷകര്‍, ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് നല്‍കിയിരുന്നു എന്നായിരുന്നു സിഎംആര്‍എല്ലിന്റെ വാദം. എന്നാല്‍ ഇത്തരം ഒരു ഉറപ്പ് നല്‍കിയ കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും അഭിഭാഷകരും പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്. അന്വേഷണം തുടരുമെങ്കിലും, അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് ഇന്ന് വ്യക്തമാക്കി. ഉറപ്പുകള്‍ രേഖാമൂലം ആയിരിക്കണം എന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ചിലപ്പോള്‍ മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് പറഞ്ഞു. 

എന്ത് കൊണ്ടാണ് എസ്എഫ്‌ഐഒ ഉറപ്പ് പാലിക്കാത്തത് എന്നും  ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ആരാഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഹര്‍ജി റോസ്റ്റര്‍ അനുസരിച്ച് ഉളള ജഡ്ജിക്ക് മുമ്പാകെ ലിസ്റ്റ് ചെയ്യാനുള്ള ശുപാർശയോടെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ്  ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. കേസ് ഇനി പരിഗണിക്കുന്ന ബെഞ്ച് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് തീരുമാനിക്കുക . അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ല എന്ന് ഉറപ്പ് നല്‍കിയതിന് ശേഷം കേരളത്തിലെ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത എസ്എഫ്‌ഐഒ നടപടി ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യപ്പെട്ടേക്കാം.

Content Highlights: sfio broke promise says delhi high court on exalogic cmrl case