ബാങ്ക് പണിമുടക്ക് ദിവസങ്ങളിൽ ഇടപാടുകാർക്ക് ആശ്വാസം; എ.ടി.എം. സേവനനിരക്കുകൾ പൂർണമായി ഒഴിവാക്കി എസ്.ബി.ഐ.

തിരുവനന്തപുരം: ബാങ്ക് ജീവനക്കാർ നടത്തുന്ന തുടർച്ചയായ പണിമുടക്ക് ദിവസങ്ങളിൽ ഇടപാടുകാർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സമരകാലയളവിൽ രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിനുള്ള സേവന നിരക്കുകൾ ബാങ്ക് പൂർണമായും ഒഴിവാക്കി. സാധാരണ ഗതിയിൽ അനുവദനീയമായ പരിധി കഴിഞ്ഞാൽ ഈടാക്കാറുള്ള അധിക ചാർജുകളോ ഇടപാടുകളുടെ എണ്ണത്തിലുള്ള നിയന്ത്രണമോ ഈ ദിവസങ്ങളിൽ ഉണ്ടാകില്ല.
ഇതോടെ ബാങ്കുകളിൽ പോയി പണമെടുക്കുന്നവർക്ക് സേവന നിരക്കുകൾ നൽകാതെതന്നെ ഈ ദിവസങ്ങളിൽ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാം.
ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.ബി.എഫ്.യു.) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.