300 കോടി വാഗ്ദാനം ചെയ്തത് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു-സത്യപാല്‍ മാലിക്ക്

സത്യപാല്‍ മാലിക്|ഫോട്ടോ:പി.ടി.ഐ
സത്യപാല്‍ മാലിക്|ഫോട്ടോ:പി.ടി.ഐ

ന്യൂഡല്‍ഹി:  രണ്ട് ഫയലുകളില്‍ നിയമാനുസൃതമായി അല്ലാതെ ഇടപെടാന്‍ തനിക്ക് 300 കോടി വാഗ്ദാനം ചെയ്ത കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്ന് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിര്‍ദേശമാണ് ലഭിച്ചത്. അതിന് അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും സത്യപാല്‍ മാലിക്ക്  പറഞ്ഞു.

300 കോടിയുടെ അഴിമതി സംബന്ധിച്ച് സത്യപാല്‍ മാലിക്കിനെതിരേ സിബിഐ അന്വേഷണം വരുമെന്ന് വാര്‍ത്ത വന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഞ്ച് കുര്‍ത്തയുമായിട്ടാണ് കശ്മീരിലെത്തിയത്. തിരിച്ച് പോവുമ്പോഴും അത് മാത്രമാണ് കൂടെയുണ്ടാവുക എന്നാണ് പണം വാഗ്ദാനം ചെയ്തവരോട് താന്‍ പറഞ്ഞത്. ആര്‍.എസ്.എസുമായി ബന്ധമുള്ള ഒരാളും ഒരു വ്യവസായ പ്രമുഖനുമായിരുന്നു പണം വാഗ്ദാനം ചെയ്തത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കും. എനിക്കെതിരേ അന്വേഷണം നടക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും മാലിക് പ്രതികരിച്ചു.

ഏത് അന്വേഷണം വന്നാലും സ്വാഗതം ചെയ്യും. അന്വേഷണ ഏജന്‍സികള്‍ക്ക് എന്ത് വിവരം വേണമെങ്കിലും നല്‍കും. കര്‍ഷക സമരത്തിന് അനുകൂലമായ നിലപാടെടുത്തത് കൊണ്ട് ചിലര്‍ എന്നെ ലക്ഷ്യം വെക്കുകയാണ്. പക്ഷെ ഭയമില്ലെന്നും കര്‍ഷകര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയരുമെന്നും മാലിക് പറഞ്ഞു.    


 

Content Highlights: Satya pal malik interview Jammu and Kashmir CBI Probe