രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു; മരണം ശ്രീലങ്കയിലേക്ക് മടങ്ങാനിരിക്കെ

ശാന്തൻ | Photo:PTI
ശാന്തൻ | Photo:PTI

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ (55) അന്തരിച്ചു. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് അന്ത്യം. 

പ്രായമായ അമ്മയെ കാണുന്നതിനായി എത്രയും പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് ഇരു സർക്കാരുകൾക്കും ശാന്തൻ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന്, ദിവസങ്ങൾക്ക് മുമ്പ് ശാന്തൻ എന്ന സ്വതന്ത്രരാജയ്ക്ക് ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകാൻ കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. അദ്ദേഹത്തിനുള്ള യാത്രാ രേഖകൾ ശ്രീലങ്ക സർക്കാരും നേരത്തേ കൈമാറിയിരുന്നു. 

രാജീവ് വധക്കേസിൽ 32 വർഷത്തോളം ജയിലിൽ കിടന്ന ആറു പേരെ 2022 നവംബർ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതിൽ തമിഴ്‌നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരന്മാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളിൽ വിദേശ കുറ്റവാളികൾക്കായുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാസ്പോർട്ടും യാത്രാ രേഖകളും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് ജയിലിനു സമാനമായ ക്യാമ്പിൽ കഴിയേണ്ടിവന്നത്.

Content Highlights: Santhan, released convict in Rajiv Gandhis assassination case died