അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരുരൂപയ്ക്ക് സാനിറ്ററിപാഡ്; മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയതിനെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങള്‍. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാരിന് എല്ലായ്‌പ്പോഴും ചിന്തയുണ്ട്. ആറായിരം ജന്‍ഔഷധി സെന്ററുകളിലൂടെ ഏകദേശം അഞ്ചുകോടി സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ ഒരു രൂപ നിരക്കില്‍ ലഭിച്ചു. കൂടാതെ സ്ത്രീകള്‍ക്ക് ശരിയായ വിവാഹപ്രായം നിശ്ചയിക്കുന്നതിന് സമിതികളും രൂപവത്കരിച്ചു. സ്ത്രീകളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനു വേണ്ടിയും ഈ സമിതികള്‍ പ്രവര്‍ത്തിക്കും, പ്രധാനമന്ത്രി പറഞ്ഞു. സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയും വ്യോമസേനയും സ്ത്രീകള്‍ക്ക് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെ കുറിച്ചും മോദി പരാമര്‍ശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ആര്‍ത്തവത്തെ കുറിച്ച് പരാമര്‍ശിച്ചത് അപൂര്‍വമാണെന്നാണ് സമൂഹമാധ്യങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.
content highlights: sanitary pads at one rupee, pm modi's remark recieves appreciation from twitter