നിശ്ചയിച്ചുറപ്പിച്ച് സച്ചിന്‍പൈലറ്റ്, ലക്ഷ്യം മുഖ്യമന്ത്രിസ്ഥാനം; നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് സച്ചിന്‍ പൈലറ്റ് നേതൃത്വത്തിന് മുന്നില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്

സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: സദ്യയ്ക്ക് ഇലയിട്ട് ചോറില്ലെന്ന് പറഞ്ഞപോലെയായിരുന്നു 2018-ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് യുവ നേതാവ് സച്ചിൻ പൈലറ്റിന്റെ അവസ്ഥ. രാഹുൽഗാന്ധിയുടെ അടുത്ത വിശ്വസ്തൻ, പാർട്ടിയിലെ യുവ മുഖം. അതുകൊണ്ട് തന്നെ ജയിച്ചാൽ മുഖ്യമന്ത്രി താൻ തന്നെയന്ന് ഉറച്ച് വിശ്വസിച്ചു. രാജസ്ഥാനിൽ 2018 -ൽ കോൺഗ്രസിന് ഭരണം കിട്ടിയെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗലോട്ടിന് മുന്നിൽ മുഖ്യമന്ത്രി സ്ഥാനം അടിയറവ് വെക്കേണ്ടിയും വന്നു സച്ചിന്.

അടുത്ത വർഷം രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരിക്കൽ കൂടി മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നേതൃത്വവുമായി ബന്ധപ്പെടുകയാണ് സച്ചിൻ പൈലറ്റ്. കോൺഗ്രസിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കേ സച്ചിൻ പൈലറ്റ് ഇന്ന് സോണിയാ ഗാന്ധിയുമായും നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ ഇനി സച്ചിൻ പൈലറ്റിന്റെ സ്ഥാനം എന്തായിരിക്കണമെന്ന കൃത്യമായ നിർദേശം സച്ചിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് സച്ചിൻ പൈലറ്റ് നേതൃത്വത്തിന് മുന്നിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.

പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധിയുടെ അടുത്ത അനുയായികളായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർ.പി.എൻ സിംഗ് എന്നിവർ പാർട്ടി വിട്ട് ബി.ജെ.പി പാളയത്തിലേക്ക് പോയിരുന്നു. ആ കൂട്ടത്തിലെ അവസാന കണ്ണിയാണ് സച്ചിൻ പൈലറ്റ്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്നുവെങ്കിലും സച്ചിൻ പൈലറ്റിന്റെ പരാതി പരിഹരിക്കുമെന്നും രാജസ്ഥാൻ കോൺഗ്രസിൽ സച്ചിന്റെ അനുയായികൾക്ക് അർഹമായ സ്ഥാനം ഉറപ്പാക്കുമെന്നുമുള്ള നേതൃത്വത്തിന്റെ ഉറപ്പിൽ സച്ചിനെ അനുനയിപ്പിക്കാൻ സോണിയാ ഗാന്ധി അടക്കമുള്ളവർക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അടുത്ത തവണയെങ്കിലും തന്നെ പാർട്ടി കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സച്ചിൻ.

സച്ചിൻപൈലറ്റിന് കൂടുതൽ പരിഗണ നൽകുമ്പോൾ അശോക് ഗലോട്ടിന്റെ ശക്തമായ എതിർപ്പുണ്ടാവുമെന്ന് കോൺഗ്രസ് നേതൃത്തിനുമറിയാം. അപ്പോൾ ഇരുവരേയും പിണക്കാതെയുള്ള നീക്കുപോക്കിനായിരിക്കും കോൺഗ്രസ് ശ്രമം.


Related Stories

 

×