ഹൈപ്പർസോണിക് മിസൈലും സ്‌റ്റെൽത്ത് വിമാനവും ഇതിന് മുന്നിൽ നിഷ്ഫലം; S-500 വാങ്ങാൻ ഇന്ത്യ

Video grab image| Credit: Минобороны России
Video grab image| Credit: Минобороны России

ന്യൂഡൽഹി: റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മികവ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ബോധ്യമായിരുന്നു. പാകിസ്താൻ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നട്ടെല്ലായി പ്രവർത്തിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. ഇന്ത്യ ഇതിനെ സുദർശൻ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്. കരാർ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകൾ കൂടി റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കേണ്ടതുണ്ട്.  എസ്-400 ന് പുറമെ റഷ്യയിൽ നിന്ന് ഇതിന്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. 

400 കിലോമീറ്റർ ദൂരെനിന്നുതന്നെ ആക്രമണശ്രമങ്ങളെ തിരിച്ചറിയുന്ന സംവിധാനമാണ് എസ്-400 ട്രയംഫ് സംവിധാനം. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന്റെ യുദ്ധവിമാനങ്ങളെയും അവാക്‌സ് വിമാനങ്ങളെയും പ്രതിരോധിക്കാനും ഇന്ത്യയെ സഹായിച്ചത് എസ്-400 ആയിരുന്നു. 314 കിലോമീറ്റർ ദൂരത്തുവെച്ചാണ് പാകിസ്താന്റെ അവാക്‌സ് വിമാനത്തിനെ എസ്-400 തകർത്തത്. ഇത്രയും ദൂരത്തിലുള്ള സർഫസ് ടു എയർ മിസൈൽ ആക്രമണങ്ങളിലെ ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണ്. എസ്-400 ന്റെ കണ്ണിൽ പെടാതെ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച് പാകിസ്താൻ പരാജയപ്പെടുകയും ചെയ്തു. ഇന്ത്യൻ അതിർത്തിയിൽ 200 കിലോമീറ്റർ ദൂരത്തിനടുത്ത് എത്താതെ ആക്രമണങ്ങൾ നടത്താൻ പാക് യുദ്ധവിമാനങ്ങൾ നിർബന്ധിതരായി. 

എസ്-400 സംവിധാനത്തിന്റെ മികവ് ബോധ്യമായതോടെ ഇതിന്റെ ആധുനിക സംവിധാനമായ എസ്-500 പ്രോമിത്യൂസിൽ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്റ്റെൽത്ത് വിമാനങ്ങളെ പോലും വിദൂരത്തിൽ നിന്ന് തിരിച്ചറിയാനും ലോക്ക് ചെയ്യാനും സഹായിക്കുന്ന ശക്തിയേറിയ റഡാർ സംവിധാനങ്ങളുള്ള വ്യോമപ്രതിരോധ സംവിധാനമാണ് എസ്-500 പ്രോമിത്യൂസ്. എന്നാൽ ഉടനെങ്ങും ഇത് മറ്റ് രാജ്യങ്ങൾക്ക് റഷ്യ കൊടുക്കാനിടയില്ല. ആഭ്യന്ത ആവശ്യങ്ങൾ നിറവേറ്റിയശേഷം മാത്രമേ ഇവ കയറ്റുമതി ചെയ്യുന്നതിനേപ്പറ്റി ആലോചിക്കൂ എന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്. എസ്-400 ട്രയംഫിനെ അപേക്ഷിച്ച് വലിയ വിലയാണ് എസ്-500 പ്രോമിത്യൂസിന് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു യൂണിറ്റിന് കുറഞ്ഞത് 250 കോടി ഡോളർ ആകുമെന്നാണ് വിലയിരുത്തൽ. 

അതേസമയം ആഗോളതലത്തിൽ നേരിടുന്ന ഉപരോധവും തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ എസ്-500 സംവിധാനത്തിന്റെ നിർമാണത്തെ ബാധിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയുമായി ചേർന്ന് സംയുക്തമായി നിർമിക്കാമെന്ന ഓഫർ റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനാവശ്യമായ സാങ്കേതികവിദ്യാ കൈമാറ്റവും നടന്നേക്കും. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മോഡലിൽ ആകും എസ്-500 ഇന്ത്യയിൽ ഉത്പാദിപ്പിക്കുക എന്നുള്ളതാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി വന്നാൽ ഉത്പാദനച്ചെലവും സമയവും കുറയുമെന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാണ്. എന്നിരുന്നാലും റഷ്യയുമായി വമ്പൻ പ്രതിരോധ ഇടപാട് നടന്നാൽ ഇന്ത്യയ്‌ക്കെതിരേ യു.എസ് ഉപരോധം വരാനുള്ള സാധ്യതയുമുണ്ട്  ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കുശ എന്ന വ്യോമപ്രതിരോധ സംവിധാനം, നിലവിലെ എസ്-400 എന്നിവയ്‌ക്കൊപ്പമാകും എസ്-500 സംവിധാനത്തിനെയും വിന്യസിക്കുക. ഹൈപ്പർസോണിക് മിസൈലുകളെ വരെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് ഇതിനെന്നാണ് വിലയിരുത്തൽ.

484 കിലോമീറ്റർ ദൂരെനിന്ന് തന്നെ പരീക്ഷണവേളയിൽ മിസൈലിനെ എസ്-500 തകർത്തു. 500 കിലോമീറ്റർ ദൂരെവരെ ഇതിന് ഹൈപ്പർ സോണിക് മിസൈലുകളെയും തകർക്കാനാകും. ഒരു യൂണിറ്റിന് സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയിൽ വരുന്ന 10 ഹൈപ്പർസോണിക് മിസൈലുകളെ വരെ പ്രതിരോധിക്കാനാകുമെന്നാണ് അവകാശപ്പെടുന്നത്. ഇങ്ങനെ വരുന്ന മിസൈലുകളെ 200 കിലോമീറ്റർ ഉയരത്തിൽ വെച്ച് തന്നെ തകർത്തുകളയും. ആളില്ലാ യുദ്ധവിമാനങ്ങൾ, ലോ എർത്ത് ഓർബിറ്റിൽ സഞ്ചരിക്കുന്ന സാറ്റലൈറ്റുകൾ എന്നിവയെയും നിരീക്ഷിക്കാനും തകർക്കാനും സാധിക്കും. 4 സെക്കൻഡിനുള്ളിൽ ഹൈപ്പർസോണിക് വേഗതയിലുള്ള ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷിയാണ് എസ്-500 നുള്ളത്. 

റഷ്യൻ പൊതുമേഖലാ സ്ഥാപനമായ അൽമാസ് ആന്റെയാണ് എസ്-500ന്റെ സൃഷ്ടാക്കൾ. 2018 ലാണ് ഇതിന്റെ ആദ്യത്തെ പരീക്ഷണം നടന്നത്. നിലവിൽ പ്രോട്ടോടൈപ്പ് എന്ന ഘട്ടം കടന്ന് വികസനത്തിന്റെ അവസാനത്തെ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ആകെ ഒരു യൂണിറ്റ് മാത്രമേ റഷ്യൻ സൈന്യത്തിന് കൈമാറിയിട്ടുള്ളു. യുക്രൈനുമായുള്ള യുദ്ധത്തിൽ ഇതിനെ പരീക്ഷിക്കുന്നുണ്ട്. ഇതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ച് ദൗർബല്യങ്ങൾ വിലയിരുത്തി പരിഹരിച്ച ശേഷമാകും പൂർണതോതിലുള്ള നിർമാണം ആരംഭിക്കുക.

Content Highlights: India's interest in the S-500 system is driven by evolving regional threat dynamics