പശ്ചാത്യ നാടുകളിലെപ്പോലെ ഇന്ത്യയിലും ഭരണമാറ്റത്തിന് ശ്രമങ്ങൾ നടക്കുന്നു; പക്ഷെ, വിജയിക്കില്ല- മോഹൻ ഭാഗവത്

#ന്യൂസ് ഡെസ്ക്
മോഹൻ ഭഗവത് | Photo: PTI
മോഹൻ ഭഗവത് | Photo: PTI

നാഗ്പുർ: ഇലക്ഷൻ കമ്മിഷനെതിരായ സമീപകാല പ്രതിഷേധങ്ങൾക്കിടയിൽ ഇന്ത്യയിൽ 'ഭരണമാറ്റത്തിന്' ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. വിജയാദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. ഫ്രാൻസ്, അൽബേനിയ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ സംഘർഷങ്ങളും അശാന്തിയും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മോഹൻ ഭാഗവതിൻ്റെ മുന്നറിയിപ്പ്.

പാശ്ചാത്യ രാജ്യങ്ങളിൽ വലിയൊരു കൊടുങ്കാറ്റ് വീശിയടിച്ചുവെന്നും ഫ്രാൻസിലും ബംഗ്ലാദേശിലും നേപ്പാളിലും നടന്ന കാര്യങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യയിൽ ഇത്തരം ഭരണമാറ്റം നടക്കില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യൻ സമൂഹം കരുത്തോടെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കാറുണ്ടെങ്കിലും അവയുടെ പ്രധാന ലക്ഷ്യം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതായിരിക്കണം. പ്രതിഷേധങ്ങൾ ശത്രുത വളർത്താനോ വോട്ടുകൾ നേടാനോ ജനപ്രീതിക്കോ വേണ്ടിയാകരുത്. മര്യാദയുടെ അതിർവരമ്പുകൾ പരസ്പരം മാനിക്കപ്പെടണം. പ്രക്ഷോഭങ്ങളിലൂടെയല്ല, മറിച്ച് സമൂഹത്തിനുള്ളിലെ പരസ്പര സംവാദങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയുമാണ് പരിഹാരങ്ങൾ ഉരുത്തിരിയുന്നത്. ഇരവാദം വളർത്തി അസംതൃപ്തിയും അരാജകത്വവും സൃഷ്ടിക്കാൻ വിവിധ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം ആശയങ്ങളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: RSS Chief Mohan Bhagwat warned about regime change attempts in India similar to events in Bangladesh and France., Highlighted that protests should aim for solutions rather than fostering hostility or cheap popularity., Stressed the importance of national unity, dialogue, and avoiding manufactured victimhood and anarchy.