'75 വയസ്സായാല്‍ മാറിക്കൊടുക്കണം' പ്രായപരിധി ഊന്നി മോഹന്‍ ഭാഗവത്; ലക്ഷ്യം മോദിയോ?

ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ( ഇടത്), പ്രധാനമന്ത്രി നരേന്ദ്ര മോദി ( വലത്) | PTI
ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ( ഇടത്), പ്രധാനമന്ത്രി നരേന്ദ്ര മോദി ( വലത്) | PTI

നാഗ്പുര്‍: 75 വയസ്സായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ബുധനാഴ്ച നാഗ്പുരില്‍ ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രായപരിധി പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബറില്‍ 75 വയസ്സ് തികയുന്ന പശ്ചാത്തലത്തിലാണ് പരാമര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. നിങ്ങള്‍ക്ക് 75 വയസ്സ് തികഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിര്‍ത്തി മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണം എന്നാണ് ഭാഗവത് പറഞ്ഞത്. 

75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് ഓര്‍മപ്പെടുത്തിയാണ് ഭാഗവതിന്റെ പരാമര്‍ശം. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഗവതിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹം ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ആണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത് വന്നതോടെ ബിജെപി വെട്ടിലായി. എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ 75 വയസ്സ് പരിധി പറഞ്ഞ് നിര്‍ബന്ധപൂര്‍വം മാറ്റിനിര്‍ത്തിയ ആളാണ് നരേന്ദ്രമോദി. അതേ മാനദണ്ഡം മോദി സ്വയം ബാധകമാക്കുമോ എന്ന് കണ്ടറിയാമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റൗത്ത് അഭിപ്രായപ്പെട്ടു

പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയും രംഗത്തെത്തി. പ്രവൃത്തിപഥത്തില്‍ കാണിക്കാതെ വാചകമടിക്കുന്നത് എപ്പോഴും അപകടമാണ്. മാര്‍ഗദര്‍ശക് മണ്ഡലിന്റെ പേരില്‍ 75 വയസ് കഴിഞ്ഞവരെ നിര്‍ബന്ധിതമായി മാറ്റിനിര്‍ത്തുന്നത് ഒട്ടും അനുയോജ്യമല്ല. പക്ഷെ നിലവിലെ സംവിധാനത്തിന് ഈ നിയമം ബാധകമാകില്ലെന്നും അവര്‍ക്ക് ഇളവുണ്ടാകുമെന്ന സൂചനയാണുള്ളതെന്നും മോദിയെ പരോക്ഷമായി ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഭാഗവതിന്റെ പരാമര്‍ശത്തിന് പിന്നാലെ വെട്ടിലായ ബിജെപി വിശദീകരണവുമായി പിന്നാലെ വന്നു. മോദിക്ക് പ്രായപരിധിയില്‍ നേരത്തെ ഇളവ് കൊടുത്തിട്ടുള്ളതാണെന്നാണ് ബിജെപി പറയുന്നത്. അഞ്ചുവര്‍ഷം മുമ്പ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് ബിജെപി വ്യത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായപരിധി വിഷയം എടുത്തിട്ടത് ബിജെപിക്കുള്ള ആര്‍എസ്എസ്സിന്റെ സന്ദേശമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വന്ന അതേ ദിവസം തന്നെ വിരമിച്ച ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് അമിത് ഷായും വാചാലനായത് ശ്രദ്ധേയമായി. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കുമായി ശിഷ്ടകാലം നീക്കിവെക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ 2023 മെയ് മാസത്തില്‍ അമിത് ഷാ പറഞ്ഞത് ബിജെപിയുടെ ഭരണഘടനയില്‍ വിരമിക്കല്‍ പ്രായത്തെക്കുറിച്ച് വ്യവസ്ഥയൊന്നുമില്ലെന്നായിരുന്നു. 2029 ലും മോദി തന്നെ തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി. 

മോഹന്‍ ഭാഗവതിനും മോദിക്കും ഒരേ പ്രായമാണ്. 1950 സെപ്റ്റംബര്‍ 11 നാണ് മോഹന്‍ ഭാഗവത് ജനിച്ചത്. ആറുദിവസം കഴിഞ്ഞാണ് മോദിയുടെ ജനനം. എന്നാല്‍ ആര്‍എസ്എസില്‍ ചുമതലകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നിടത്തോളം കാലം അങ്ങനെ തുടരാനാകും. എന്നാല്‍ ബിജെപിയില്‍ പ്രായപരിധിയുണ്ട്. അത് കര്‍ക്കശമാക്കിയത് മോദി പ്രധാനമന്ത്രി ആയതിന് ശേഷമാണ്.


 

Content Highlights: RSS chief Mohan Bhagwat suggests a 75-year age limit for positions, sparking debate