തീരുന്നില്ല IAS-IPS പോര്; രോഹിണി കാരണം കുടുംബം പ്രശ്‌നത്തിലെന്ന് രൂപ, ഫോണ്‍സംഭാഷണം പുറത്ത്

രോഹിണി സിന്ദൂരി, ഡി.രൂപ
രോഹിണി സിന്ദൂരി, ഡി.രൂപ

ബെംഗളൂരു: കര്‍ണാടകത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയും ഐ.പി.എസ്. ഉദ്യോഗസ്ഥ ഡി. രൂപയും തമ്മിലുള്ള വാക്പോരില്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും വിഷയം കൂടുതല്‍ വഷളാക്കി ഫോണ്‍സംഭാഷണം. രോഹിണിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ട് രൂപ മൈസൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍. ഗംഗരാജുവിനോട് സംസാരിക്കുന്നതിന്റെ ഭാഗമാണ് പുറത്തായത്.

ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെ സ്ഥലംമാറ്റാന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നുവെന്ന് രൂപ പറയുന്നത് ശബ്ദസന്ദേശത്തിലുണ്ട്. രോഹിണിയുടെ കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ ഓഫീസില്‍നിന്ന് സഹായം ലഭിച്ചതിനാലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. 

ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ ഭര്‍ത്താവ് ജോലിചെയ്യുന്ന ലാന്‍ഡ് റെക്കോഡ്സ് ഓഫീസില്‍നിന്ന് രോഹിണി ശേഖരിച്ചെന്ന് രൂപ പറയുന്നു. ഈ കാര്യത്തിനു വേണ്ടി ഗംഗരാജു സഹകരിച്ച് പണമുണ്ടാക്കിയെന്നും രൂപ പറയുന്നുണ്ട്. രോഹിണി കാരണം തന്റെ കുടുംബം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും 25 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ രൂപ പറയുന്നു. 

അതിനിടെ, രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചുതന്നിട്ട് അവര്‍ക്കെതിരേ പരാതി കൊടുക്കാനും ശബ്ദമുയര്‍ത്താനും രൂപ ആവശ്യപ്പെട്ടെന്നും രൂപയ്‌ക്കെതിരേ പരാതി കൊടുക്കുമെന്നും ഗംഗരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlights: rohini sindhuri ias d roopa ips public spat new phone conversation out