പ്രിയങ്ക മുന്നോട്ട് വരണമെന്ന അഭിപ്രായം ഉയരുന്നുണ്ട്, അതിനല്ല പ്രാധാന്യം നൽകേണ്ടത് – റോബർട്ട് വാദ്ര

#ന്യൂസ് ഡെസ്ക്
റോബര്‍ട്ട് വദ്രയും പ്രിയങ്ക ഗാന്ധിയും | Photo: ANI
റോബര്‍ട്ട് വദ്രയും പ്രിയങ്ക ഗാന്ധിയും | Photo: ANI

ന്യൂഡൽഹി: പാർട്ടി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വാദ്രയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ശക്തമായി പിന്തുണച്ചതിനിടെ, നിലവിൽ രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര. അത്തരം പ്രതീക്ഷകളും ആവശ്യങ്ങളും സ്വാഭാവികമായും വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരുമെന്നും എന്നാൽ അവയ്ക്കല്ല പ്രാധാന്യം നൽകേണ്ടതെന്നും റോബർട്ട് വാദ്ര ചൊവ്വാഴ്ച പറഞ്ഞു.

"ഓരോരുത്തർക്കും അവരവരുടേതായ ആവശ്യങ്ങളുണ്ട്. പ്രിയങ്ക മുന്നോട്ട് വരണം എന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഞാനും രാഷ്ട്രീയത്തിൽ പ്രവേശിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ, രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്", റോബർട്ട് വാദ്ര പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ ബംഗ്ലാദേശിലെ അക്രമങ്ങളിൽ പ്രിയങ്ക ഗാന്ധി ശക്തമായി പ്രതികരിച്ചില്ലെന്ന് ആരോപിച്ച് ബിജെപിയിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് ഇമ്രാൻ മസൂദ് പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

വിഭജനത്തേക്കാൾ യോജിപ്പും ഐക്യവും വേണമെന്ന് ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രതികരിക്കവെ വാദ്ര അഭിപ്രായപ്പെട്ടു

വിവിധ സമുദായങ്ങൾക്കിടയിൽ പങ്കുവെക്കപ്പെട്ട മൂല്യങ്ങൾ പൊതുസംവാദങ്ങൾക്ക് വഴികാട്ടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹോദര്യം നിലനിൽക്കണം, ഹിന്ദു-മുസ്ലിം വിഭാഗീയത ഉണ്ടാകരുത്. അത്തരം വിഭജന പ്രവർത്തനങ്ങളിൽ ആരും ഏർപ്പെടരുത്. മലിനീകരണം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യം നിരവധി ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്, അവ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, വാദ്ര ഐഎഎൻഎസിനോട് പറഞ്ഞു.

രാജ്യത്തിനകത്തെ കാര്യങ്ങൾക്ക് മുൻഗണന നൽകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ക്രിസ്മസ് ആശംസകളും രാജ്യത്തിന് സമാധാനവും ഐക്യവും നേരുകയും ചെയ്തു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടെങ്കിലും, മലിനീകരണ വിഷയത്തിൽ അർഹിക്കുന്ന ശ്രദ്ധ ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. "പ്രിയങ്കയ്ക്കും പാർലമെന്റിൽ മലിനീകരണ വിഷയം ഉന്നയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ശൈത്യകാല സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടെങ്കിലും, ഈ വിഷയം ചർച്ചയായില്ല. മലിനീകരണം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Robert Vadra urges focus on pressing national issues over Priyanka Gandhi`s PM candidacy. Learn why he prioritizes pollution, jobs, and education.