ജമ്മുവിൽ അതീവ ജാഗ്രത; NIA ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി

ജമ്മു: ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി. ചൈനീസ് നിർമിതമായ റൈഫിൾ ടെലസ്‌കോപ്പാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തിയതിന് പിന്നാലെ ജമ്മു അതീവ ജാഗ്രതയിലാണ്.
ചൈനീസ് അടയാളങ്ങളുള്ളതും സ്നൈപ്പർ, അസ്സോൾട്ട് റൈഫിളുകളുമായി ഘടിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ ടെലിസ്കോപ്പാണ് കണ്ടെത്തിയത്. എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്നാണ് ഇത് കണ്ടെത്തുന്നത്. സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനവും എസ്എസ്ബി കേന്ദ്രവും ഈ സ്ഥലത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ പ്രദേശം വലിയ ജാഗ്രതയിലാണുള്ളത്.
അതിർത്തി പ്രദേശത്ത് സുരക്ഷാസേനകൾ തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് റൈഫിൾ കണ്ടെടുക്കുന്നത്. നുഴഞ്ഞുകയറ്റ സാധ്യതകളുണ്ടെന്ന വിവരത്തെ തുടർന്ന് ജമ്മു കശ്മീർ പോലീസും മറ്റ് സുരക്ഷാ സേനകളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
Content Highlights: Chinese rifle telescope found near NIA office in Jammu, security on high alert