സസ്‌പെന്‍സ് തുടരുന്നു; മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി, ഇനി പ്രതീക്ഷ നിരീക്ഷകരിൽ

ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഹിന്ദിഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിയ ബിജെപിക്ക് അഞ്ച് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനായിട്ടില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മുഖ്യമന്ത്രിപദത്തിലേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ് ബിജെപി.

ഇതിനിടെ, മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ നിരീക്ഷകരായി ഓരോ സംസ്ഥാനങ്ങളിലേക്കും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പാര്‍ട്ടി. രാജസ്ഥാനിലേക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റേയും മധ്യപ്രദേശിലേക്ക് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റേയും ഛത്തീസ്ഗഢിലേക്ക് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയുടേയും നേതൃത്വത്തിലുള്ള ടീമിനേയാണ് നിയോഗിച്ചിരിക്കുന്നത്.

രാജ്‌നാഥിന്റെ സംഘത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ദെ എന്നിവരുമുണ്ടാകും. ഒബിസി മോര്‍ച്ച അധ്യക്ഷന്‍ കെ. ലക്ഷമണനും പാര്‍ട്ടി ദേശീയ സെക്രട്ടറി ആശാ ലാക്രയും മനോഹര്‍ ലാല്‍ ഖട്ടറിനൊപ്പം മധ്യപ്രദേശിലേക്ക് പോകും. കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതമുമാണ് അര്‍ജുന്‍ മുണ്ടെയുടെ ടീമിലുള്ളത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗങ്ങള്‍ക്ക് നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഓരോ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ അംഗീകരിക്കുന്നവരെ മുഖ്യമന്ത്രിയാക്കുമ്പോഴുണ്ടാകുന്ന എതിര്‍പ്പുകള്‍ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ പ്രധാന ദൗത്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് നിരീക്ഷകരെ അയയ്ക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച എംപിമാരുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രധാനമന്ത്രി മോദി, അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ നദ്ദ എന്നിവരാണ് ആത്യന്തികമായ തീരുമാനം എടുക്കുക എന്നുള്ളതുകൊണ്ട് മുഖ്യമന്ത്രി കസേര ലക്ഷ്യംവെക്കുന്ന നേതാക്കളെല്ലാം കരുതലോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. സൂക്ഷിച്ച് മാത്രമാണ് ഇവര്‍ മാധ്യമങ്ങളോടക്കം പ്രതികരിക്കുന്നത്.

യോഗി ആദിത്യനാഥ് മുതല്‍ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ വരെയുള്ളവരെ മുഖ്യമന്ത്രിയാക്കുന്നതില്‍ സ്വീകരിച്ച സസ്‌പെന്‍സ് ഈ മൂന്ന് സംസ്ഥാനങ്ങളിലും തുടരുമെന്നാണ് സൂചന. മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ നിര്‍ത്താതെ കേന്ദ്ര മന്ത്രിമാരെയടക്കം മത്സരത്തിനിറക്കിയത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലും പുതിയ നേതൃത്വം വരണമെന്നതാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മധ്യപ്രദേശില്‍ ശിവ്‌രാജ് സിങിനേയും രാജസ്ഥാനില്‍ വസുന്ധര രാജയേയും തഴയേണ്ടിവരും. അത്തരമൊരു തീരുമാനം എടുക്കുമ്പോള്‍ എംഎല്‍എമാരുടെ അനുനയിപ്പിക്കുക എന്നതാണ് നിരീക്ഷകരുടെ പ്രധാന ചുമതല. 

രാജസ്ഥാനിലെ നിരീക്ഷകര്‍ക്കാകും ഏറ്റവുംവലിയ വെല്ലുവിളി. വസുന്ധര രാജയെ പിണക്കിക്കൊണ്ടുള്ള ഒരു തീരുമാനം എടുക്കുന്നത് വലിയ തലവേദന സൃഷ്ടിക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അവര്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Content Highlights: Rajnath Singh, Manohar Lal Khattar among observers appointed by BJP to pick CMs for 3 states