കോൺഗ്രസ് ലക്ഷ്യം ബംഗ്ലാദേശ് മോഡൽ ഭരണമാറ്റം;യുവാക്കളുടെ ഊർജത്തെ രാഷ്ട്രീയസംഘർഷത്തിന് ഇന്ധനമാക്കുന്നു- രാജ്നാഥ്

#സ്വന്തം ലേഖകൻ
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് | Photo: ANI
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് | Photo: ANI

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രക്ഷോഭങ്ങളുടെ മറവിൽ കോൺഗ്രസും കൂട്ടാളികളും ലക്ഷ്യമിടുന്നത് ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാറ്റമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ യുവാക്കളുടെ ഊർജം ഉപയോഗപ്പെടുത്തി അരാജകത്വം വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ അവമതിച്ചുകാട്ടാനും ക്രമസമാധാനം തകർക്കാനും ജനാധിപത്യം ആർക്കും ലൈസൻസ് നൽകുന്നില്ലെന്നും കൂട്ടിച്ചേർത്തു.

“രാഷ്ട്രനിർമാണത്തിന് ക്രിയാത്മക പ്രവൃത്തികളിലേർപ്പെടാൻ യുവാക്കളെ അണിനിരത്തുന്നതിനുപകരം അവരുടെ ഊർജത്തെ രാഷ്ട്രീയസംഘർഷത്തിന് ഇന്ധനമാക്കുകയാണ് കോൺഗ്രസും സഖ്യകക്ഷികളും. ജനാധിപത്യസ്ഥാപനങ്ങളെ തകർക്കുകയാണ് ഇവരുടെ അജൻഡ. ചൗരിചൗര അതിക്രമമുണ്ടായപ്പോൾ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിരിച്ചുവിട്ടു. ഗാന്ധിയുടെ രാഷ്ട്രീയ പിന്തുടർച്ചാവകാശികളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് സ്വന്തം തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് രാജ്യത്തോട് പ്രതികാരം ചെയ്യുകയാണ്. ഗാന്ധിയുടെ പേര് ഉപയോഗിക്കാനുള്ള ധാർമികാവകാശം കോൺഗ്രസിന് നഷ്ടമായി”-രാജ്നാഥ് സിങ് പറഞ്ഞു.

നെഹ്‌റു കുടുംബം ഗാന്ധിയുടെ പേര് ഉപയോഗിക്കുന്നതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന്, അവരാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു മറുപടി.

അതേസമയം, അധികാരമുപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടത്തുന്ന ഏത് പിടിച്ചടക്കലുകളെയും പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാതെ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. തെറ്റ് തുറന്നുകാട്ടുകയും തിരുത്തുകയുമാണ് ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ധർമമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. സമാധാനപരമായ ജനാധിപത്യ കൂടിച്ചേരലുകളിലും ഭരണഘടനാസ്ഥാപനങ്ങളിലും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലും ഇന്ത്യൻ ജനതയുടെ പരാധികാരത്തിലും കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Defence Minister Rajnath Singh accused Congress of attempting a Bangladesh-style regime change in India., He claimed the opposition is using youth energy to create anarchy and disrupt constitutional institutions., Congress General Secretary Jairam Ramesh responded that the opposition will uncompromisedly resist unconstitutional takeovers.