രാജസ്ഥാനില്‍ മാസപ്പടി; ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ജോലിയില്ലാതെ ശമ്പളമായി കിട്ടിയത് 37.5 ലക്ഷം രൂപ

പ്രദ്യുമ്‌നൻ ദീക്ഷിതും ഭാര്യ പൂനവും
പ്രദ്യുമ്‌നൻ ദീക്ഷിതും ഭാര്യ പൂനവും

ജയ്പുര്‍: ഏകദേശം രണ്ട് വര്‍ഷത്തോളമായി ഒരു ദിവസം പോലും ഓഫീസില്‍ പോയിട്ടില്ല. പക്ഷേ കമ്പനികളിലെ ജീവനക്കാരിയെന്ന പേരില്‍ 37.54 ലക്ഷം രൂപ 'ശമ്പളം' വാങ്ങിയിട്ടുണ്ട് ഈ യുവതി. രാജസ്ഥാനിലെ ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് മാസപ്പടിയായി ലക്ഷങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്.

രാജസ്ഥാന്‍ സര്‍ക്കാരിന് കീഴിലുള്ള രാജ്കോംപ് ഇന്‍ഫോ സര്‍വീസസിലെ ജോയിന്റ് ഡയറക്ടറായ പ്രദ്യുമ്‌നന്‍ ദീക്ഷിതിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്, ട്രീജെന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡ് എന്നീ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായി സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ലഭ്യമാക്കുകയും അതിന് പകരമായി ഈ കമ്പനികളില്‍ ഭാര്യ പൂനം ദീക്ഷിത് ജോലി ചെയ്യുന്നതായി കാണിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.

ഒരാള്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആറിലെ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ടെന്‍ഡര്‍ പാസാക്കി നല്‍കിയതിന് പകരമായി, തന്റെ ഭാര്യക്ക് ജോലി നല്‍കാനും പ്രതിമാസം ശമ്പളം നല്‍കാനും പ്രദ്യുമ്‌നന്‍ ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്, ട്രീജെന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡ് എന്നീ കമ്പനികളോട് നിര്‍ദ്ദേശിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

2019 ജനുവരിക്കും 2020 സെപ്റ്റംബറിനും ഇടയില്‍ ഒറിയോണ്‍പ്രോ സൊല്യൂഷന്‍സും ട്രീജെന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡും ചേര്‍ന്ന് പൂനം ദീക്ഷിതിന്റെ അഞ്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളമായി 37,54,405 രൂപ കൈമാറിയതായാണ് എസിബി അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ കാലയളവില്‍ ഉടനീളം പൂനം ദീക്ഷിത് ഈ രണ്ട് ഓഫീസുകളും സന്ദര്‍ശിച്ചിരുന്നില്ലെന്നും കണ്ടെത്തി.

പ്രദ്യുമന്‍ ദീക്ഷിത് തന്നെയാണ് തന്റെ ഭാര്യയുടെ വ്യാജ ഹാജര്‍ റിപ്പോര്‍ട്ടുകളും മറ്റും നല്‍കിയിരുന്നത്. ഈ കാലയളവില്‍ രണ്ട് കമ്പനികള്‍ക്കും നിരവധി സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ലഭിച്ചതായും കണ്ടെത്തി.

Content Highlights: A Rajasthan government official`s wife allegedly received over Rs 37 lakh in salary for a job she never did