മകളും ഭാര്യയും അമ്മയും മാത്രമല്ല, സ്ത്രീക്ക് സ്വന്തം വ്യക്തിത്വമുണ്ട്; മനുസ്മൃതിയെ വിമർശിച്ച് രാഹുൽ

#ന്യൂസ് ഡെസ്‌ക്
രാഹുൽ ഗാന്ധി | Photo: PTI
രാഹുൽ ഗാന്ധി | Photo: PTI

മുംബെെ: മകൾ, ഭാര്യ, അമ്മ തുടങ്ങിയ വിലാസങ്ങളിലേക്ക് സ്ത്രീകൾ ഒതുങ്ങരുതെന്നും എല്ലാ സ്ത്രീകൾക്കും സ്വന്തമായ വ്യക്തിത്വമുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ പുണെയിൽ 'ഛാത്രോം കീ ഗുഞ്ജ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കവേ മനുസ്മൃതിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. 

'സ്ത്രീകളെ മകളായോ ഭാര്യയായോ അമ്മയായോ ആണ് കാണുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങൾ ചെയ്യുന്ന എത്രയോ മിടുമിടുക്കികളായ സ്ത്രീകൾ നമുക്കിടയിലുണ്ട്. എന്നിട്ടും അവർക്ക് ഇങ്ങനെയുള്ള വിലാസങ്ങൾ നൽകുന്നത് ശരിയല്ല. നിങ്ങളെ ഒരു അമ്മയായോ മകളായോ ഭാര്യയായോ കാണാം. അങ്ങനെ ഇരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ, അത് മാത്രമാകരുത് നിങ്ങളുടെ വ്യക്തിത്വം. ഇപ്പറഞ്ഞ എല്ലാ വിശേഷണങ്ങൾക്കും ഒരു പുരുഷനുമായി ബന്ധമുണ്ട്’, രാഹുൽ പറഞ്ഞു.

'സ്ത്രീ ശൈശവത്തിൽ പിതാവിന്റെയും യൗവനത്തിൽ ഭർത്താവിന്റെയും സംരക്ഷണത്തിലായിരിക്കണം എന്ന് മനുസ്മൃതി പറയുന്നു. പുരുഷൻ മരിച്ചാൽ അവൾ പുത്രന്മാരുടെ സംരക്ഷണത്തിലായിരിക്കണം. ഒരു സ്ത്രീയും ഒരിക്കലും സ്വതന്ത്രയായിരിക്കരുത്. ഇത് മനുസ്മൃതിയിൽനിന്നുള്ള നേരിട്ടുള്ള ഉദ്ധരണിയാണ്. ഈ വാക്കുകൾ അപമാനകരമാണ്, ഈ വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലാത്തവയാണ്’, രാഹുൽ പറഞ്ഞു. രാജ്യത്തെ എഴുപതുകോടിയോളം വരുന്ന സ്ത്രീകൾ ഇന്ത്യയുടെ സമ്പത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi stated women should have their own individual identity beyond traditional roles., He criticized Manusmriti for stating that women should never be independent., He addressed the 'Chatraon Ki Gunj' event in Pune, Maharashtra., Highlighted that around 70 crore women in the country are India's wealth.