'രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും, മോദിക്കെതിരേ പ്രിയങ്കയെങ്കില്‍ വിജയം ഉറപ്പാക്കും'

പ്രിയങ്ക,രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI
പ്രിയങ്ക,രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മത്സരിച്ചത്. വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ പക്ഷേ, അമേഠിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് 55,000-ഓളം വോട്ടിന് പരാജയപ്പെടുകയായിരുന്നു.

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശില്‍നിന്നുതന്നെ മത്സരിക്കണമെന്ന ആഗ്രഹവും അജയ് റായ് പ്രകടിപ്പിച്ചു. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രിയങ്കാ ഗാന്ധി മത്സരിച്ചാല്‍ അവരുടെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് അജയ് റായ് പറഞ്ഞു. പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശിലെ ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാമെന്നും എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അജയ് റായ് രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതികരണം നടത്തിയത്. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വാരാണസിയില്‍ മോദിക്കെതിരേ പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അവസാന നിമിഷം അജയ് റായിയെയാണ് അവിടെ മത്സരിപ്പിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മോദിക്കെതിരേ അജയ് റായിയാണ് മത്സരിച്ചിരുന്നത്. രണ്ടുതവണയും മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്. 

അതേസമയം, രാഹുല്‍ അമേഠിയിലും പ്രിയങ്ക വാരാണസിയിലും മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതികരണം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിനോടടുത്ത് മാത്രമേ ഇക്കാര്യത്തില്‍ പാര്‍ട്ടി അന്തിമതീരുമാനം എടുക്കുകയുള്ളൂ.

Content Highlights: Rahul Gandhi will contest from Amethi, Priyanka wherever she wants: UP Cong chief