‘ഗ്യാനേഷിന് ഉറക്കമില്ലാത്ത രാത്രികൾ, സ്ഥാനത്ത് അധികം തുടരില്ല’; സുപ്രീം കോടതിയിൽ തിങ്കളാഴ്ച ഹർജിനൽകുമെന്ന് രാഹുൽ

#ന്യൂസ് ഡെസ്ക്
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ | Photo: ANI
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ | Photo: ANI

ന്യൂഡൽഹി: 'വോട്ട് ചോരി' ആരോപണങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയാണ് ഹർജി സമർപ്പിക്കുക. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് കൊണാട്ട് പ്ലേസ്-ബരഖംബ റോഡ് ജങ്ഷനിൽനിന്നാണ് 'ചലോ ഡൽഹി- മാർച്ച് ഫോർ ഡെമോക്രസി' എന്ന പേരിൽ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുക. ഉച്ചയ്ക്ക് മൂന്നിന് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്യാനേഷ് കുമാറിന് ഇപ്പോൾ ഉറങ്ങാൻപോലും കഴിയുന്നില്ലെന്ന് തങ്ങൾക്കറിയാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി അധികകാലം തുടരാനാകില്ലെന്നും രാഹുൽ പറഞ്ഞു. ഗ്യാനേഷ് കുമാർ സ്വയം രാജിവെച്ച് ഒഴിയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിന് പിന്നിലെ ബുദ്ധികേന്ദ്രം അദ്ദേഹമല്ലെന്നും കൂടുതൽ ശക്തരായ ചിലരാണ് ഇതിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു. 

ഡൽഹിയെ പൊലീസ് കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്നും തലസ്ഥാനത്തേക്ക് എത്തുന്നവരെ തടയുകയാണെന്നും രാഹുൽ ആരോപിച്ചു. ബസുകളിലും ട്രെയിനുകളിലും എത്തുന്നവരെപ്പോലും തടയുന്ന സാഹചര്യമാണുള്ളത്. റോഡുകളിലെല്ലാം പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. എന്നാൽ, ഭരണഘടനയാണ് തങ്ങളുടെ മതം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ രാജ്യത്തെ യുവാക്കൾ പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു. 

നരേന്ദ്ര മോദിയുടെയോ രാഹുൽ ഗാന്ധിയുടെയോ വ്യക്തിപരമായ പോരാട്ടമല്ല ഇതെന്നും രാജ്യത്തെ ജനങ്ങളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ  സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും രാഹുൽ അഭ്യർഥിച്ചു.

Content Highlights: Rahul Gandhi announced an INDIA alliance march to the Supreme Court against CEC Gyanesh Kumar., Accusations made regarding vote theft and election processes., Protest scheduled from Barakhamba Road junction to the Supreme Court at 1:30 PM on Monday., Demand for the resignation of the Chief Election Commissioner.