‘മോദി ജീ നിങ്ങളുടെ എൻടിഎ ചെയ്തത് എന്താണെന്ന് കാണൂ, ഇത് ചൂഷണയന്ത്രം’; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജൂണിൽ നടത്തിയ മൂന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുമെന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിക്കും എൻടിഎയ്ക്കുമെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങളുടെ എൻടിഎ എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കൂ മോദിജീ എന്ന് എൻടിഎയെ വിമർശിച്ചുകൊണ്ട് അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
സോഷ്യോളജി, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളിൽ ജൂൺ 22, 30 തീയതികളിലാണ് എൻടിഎ പരീക്ഷ നടത്തിയത്. തെറ്റായ ചോദ്യപേപ്പറുകളും പഴയ ചോദ്യങ്ങളുടെ ആവർത്തനവും മൂലം രണ്ടുമാസത്തിന് ശേഷം മൂന്ന് പരീക്ഷകളും ക്യാൻസൽ ചെയ്തിരിക്കുന്നു. വർഷങ്ങളോളം തയ്യാറെടുപ്പ് നടത്തി, അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച്, ഫീസ് അടച്ച്, ദൂരസ്ഥലങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ഇതെല്ലാം വീണ്ടും ചെയ്യേണ്ടി വരുന്നു. തെറ്റ് ചെയ്യുന്നത് NTA ആണെങ്കിലും അതിന്റെ ശിക്ഷ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. ഇതൊരു വിദ്യാഭ്യാസ സംവിധാനമല്ല. ഇതൊരു 'ചൂഷണ യന്ത്രം' ആണ്. ഈ സംവിധാനങ്ങൾ നിങ്ങളുടെ പണവും മാനസികാരോഗ്യവും ആത്മവിശ്വാസവും കവർന്നെടുക്കുന്നു, പകരം ഒന്നും നൽകുന്നില്ല, ഒരു ജോലി പോലും നൽകുന്നില്ല. പരീക്ഷയ്ക്ക് മുമ്പ് തന്നെ ഈ ചോദ്യപേപ്പറുകൾ ചോർന്നിരുന്നോ? NTA ഇപ്പോഴും ചോദ്യത്തിന് ഉത്തരം നൽകുന്നില്ല. മോദി സർക്കാരിന്റെ മറ്റ് വകുപ്പുകളെ പോലെ തന്നെ എൻടിഎയും തങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് ഒരിക്കലും സമ്മതിക്കുന്നില്ല. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളിലെന്നപോലെ ഇതിലും ആരും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ആദ്യ പടി മാത്രമാണ്, അവസാനത്തേതല്ല. NTA-നേതൃത്വത്തെയും ഇതിന് ഉത്തരവാദികളാക്കണം.
സെപ്തംബറിൽ ഈ പരീക്ഷ വീണ്ടും എഴുതുന്ന ഓരോ വിദ്യാർഥിയോടും എനിക്ക് പറയാനുള്ളത് 'പ്രശ്‌നം നിങ്ങളല്ല, ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയാത്ത ഒരു സംവിധാനമാണ് പ്രധാനമന്ത്രി മോദി കെട്ടിപ്പടുത്തത്, എന്നിട്ട് പരീക്ഷ എഴുതുന്ന വിദ്യാർഥികളെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ വിലപ്പെട്ട സമയവും വർഷങ്ങളുമാണ് കവർന്നെടുക്കപ്പെടുന്നത്. പ്രധാനമന്ത്രി മോദി ഇതിന് മറുപടി നൽകുന്നത് വരെ ഞങ്ങൾ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി കുറിച്ചു.
ജൂണിൽ നടത്തിയ ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ യുജിസി-നെറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പറിൽ പിശകുകളും ആവർത്തിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നതായി ഒടുവിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി സമ്മതിച്ചിരുന്നു.
പിഴവുകൾ സംഭവിച്ച ചോദ്യങ്ങൾ ഒഴിവാക്കിയുള്ള മൂല്യനിർണയം ഫലവത്താവില്ലെന്നതിനാലാണ് പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്. ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ സെപ്റ്റംബർ 9, 10 തീയതികളിലാണ് പുനഃപരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
Content Highlights: NTA cancels three UGC NET June exams due to faulty question papers and repetition., Rahul Gandhi criticizes PM Modi and NTA, calling the system an 'exploitation machine'., Re-exams for Sociology, English, and Commerce are scheduled, punishing students for NTA's failures., Demand for accountability from NTA leadership following the exam cancellation fiasco.