രാഹുലിനെ രാമനും ‘വോട്ട് ചോരി’യെ രാവണനുമാക്കി ഫ്ലെക്സ്; കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി

ലഖ്നൗ: ദസറ ആഘോഷങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധിയുടെ പേരിൽ പാർട്ടി ആസ്ഥാനത്തിനു മുമ്പിൽ സ്ഥാപിച്ച പോസ്റ്ററിനെച്ചൊല്ലി വാക് പോരുമായി കോൺഗ്രസും ബിജെപിയും. പ്രതിപക്ഷ നേതാവും റായ്ബറേലിയിൽ നിന്നുള്ള എംപിയുമായ രാഹുൽ ഗാന്ധിയെ രാമനായും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ ലക്ഷ്മണനായും ചിത്രീകരിക്കുന്ന പോസ്റ്ററാണ് യുപിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് സ്ഥാപിച്ചത്.
എതിരാളിയായ രാവണനെ വോട്ട് ചോരിയായും ചിത്രീകരിച്ചിരിക്കുന്നു. വോട്ട് ചോരിയെ കൂടാതെ ഇ.ഡി., അഴിമതി, വിലക്കയറ്റം, തിരഞ്ഞെടുപ്പ് കമ്മിഷൻ, സി.ബി.ഐ. തുടങ്ങിയവ ഉൾപ്പെടുത്തിയാണ് രാവണന്‍റെ തല ചിത്രീകരിച്ചിരിക്കുന്നത്. അമ്പും വില്ലുമായി നിൽക്കുന്ന രാഹുലിനേയും പോസ്റ്ററിൽ കാണാം.
ചിത്രം പുറത്തുവന്നതിനു പിന്നാലെ ഫ്ലക്സിനെതിരേ വിമർശനവുമായി ബിജെപി രംഗത്തെത്തി. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാത്തവരാണ് സ്വയം രാമനായി ചിത്രീകരിക്കുന്നതെന്ന് ബിജെപി വിമർശിച്ചു.
സനാതനധർമ്മത്തെ ബഹുമാനിക്കാനറിയാത്തവരും രാമവിരുദ്ധരുമാണ് അവർ. അയോധ്യക്ഷേത്രത്തിൽ ഇതുവരെ ദർശനം നടത്തിയിട്ടില്ല. ഇപ്പോൾ ഇവർ രാമനാകാൻ ശ്രമിക്കുന്നു- ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് ശീലമാക്കിയവരാണ് കോൺഗ്രസെന്നും ത്രിപാഠി കൂട്ടിച്ചേർത്തു.
ഹിന്ദുക്കളുടെ സംരക്ഷകരാകാൻ ബിജെപിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എൻഎസ് യുഐ വൈസ് പ്രവസിഡന്റ് ആര്യൻ മിശ്ര തിരിച്ചടിച്ചു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് ബിജെപി ശ്രീരാമനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2014-ന് ശേഷമാണ് ബിജെപി നേതാക്കൾ ഹിന്ദുവായത്. എന്നാൽ, കോൺഗ്രസ് നേതാക്കൾ അതിന് മുമ്പുതന്നെ ഹിന്ദുവായിരുന്നുവെന്നും ഞങ്ങൾ എന്നും ഹിന്ദുവായിരിക്കുമെന്നും ആര്യൻ മിശ്ര പറഞ്ഞു.
Content Highlights: Rahul Gandhi as Rama: BJP Slams Congress Over Controversial Poster