പ്രതിപക്ഷ എംപിമാരെ ജന്തർ മന്തറിലേക്ക് കടത്തിവിടാതെ പോലീസ്; റോഡിൽ കിടന്ന് പ്രിയങ്ക, ബലപ്രയോഗം, അറസ്റ്റ്

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ നാടകീയ രംഗങ്ങൾ. വോട്ട് കവർച്ചയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയെങ്കിലും വഴിമധ്യേ പോലീസ് തടഞ്ഞു. ഇത് പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷത്തിനിടയാക്കി. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. നിരവധി പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാഹുലിനെയും പിന്നീട് പ്രിയങ്കയെയും അറസ്റ്റ് ചെയ്ത് നീക്കി. അർദ്ധസൈനിക വിഭാഗങ്ങളെയടക്കം വിന്യസിച്ച് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ട് മണിക്കൂർ നീണ്ട ധർണ്ണയ്ക്ക് ശേഷമാണ് രാഹുൽ പ്രതിപക്ഷ എംപിമാർക്കൊപ്പം ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരത്തിലേക്ക് നീങ്ങിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്കായി ഒരുക്കിയ 'ഐക്യദാർഢ്യ ലഞ്ചിന്' ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം ഉണ്ടായത്. ജൻപഥിൽ നിന്ന് ജന്തർ മന്തറിലേക്ക് എംപിമാർ ബസുകളിലാണ് നീങ്ങിയത്, ചിലർ ത്രിവർണ്ണ പതാകയേന്തി ബസിന്റെ മുകളിൽ കയറി നിന്നു. നൂറുകണക്കിന് അണികളും എംപിമാരെ അനുഗമിച്ചു.
എന്നാൽ ജന്തർ മന്തറിന് ഏകദേശം ഒരു കിലോമീറ്റർമാത്രം അകലെയുള്ള ഷാംഗ്രി-ലാ ഹോട്ടലിന് സമീപം അശോക റോഡിൽ സുരക്ഷാ വലയം തീർത്ത് പോലീസ് ബസുകൾ തടഞ്ഞു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐ-എം, സിപിഐ, ആർജെഡി, ലീഗ് തുടങ്ങിയ പാർട്ടികളുടെ എംപിമാർ സമരത്തിലുണ്ട്. എന്നാൽ സമാജ്വാദി പാർട്ടി എംപിമാർ പങ്കെടുത്തില്ല. 'ഗ്യാനേഷ് കുമാർ നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണറല്ലെന്ന് രാജ്യത്തോട് വിളിച്ചുപറയുമെന്ന്' മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഹുൽ പറഞ്ഞു.
പ്രതിപക്ഷ നിരയിലെ ചില പാർട്ടികൾ ലഞ്ചിലും സമരത്തിലും പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഉച്ചഭക്ഷണ യോഗത്തിലാണ് സമര പദ്ധതി തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
'ഇന്ന് നടന്ന ഉച്ചഭക്ഷണ വിരുന്നിലേക്ക് 'ഇന്ത്യ' (INDIA) സഖ്യത്തിലെ എല്ലാ കക്ഷികളെയും ക്ഷണിച്ചിരുന്നു. എന്നാൽ, ഈ വിരുന്ന് സംബന്ധിച്ച തീരുമാനം ഇന്നലെ രാത്രി വൈകിയാണ് എടുത്തത്; അതേസമയം തന്നെയാണ് ഇക്കാര്യം അറിയിച്ചതും. അതിനാൽ, ചില കക്ഷികളുടെ പ്രതിനിധികൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയത് സ്വാഭാവികമാണ്' ഇതുസംബന്ധിച്ചുള്ള മാധ്യമവാർത്തകളെ പ്രതിരോധിച്ച് ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു.
ജൻപഥിലുള്ള ഒരു ദക്ഷിണേന്ത്യൻ റെസ്റ്റോറന്റിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണം. അവിടെ ഒത്തുകൂടിയ പ്രതിപക്ഷ എംപിമാർ അതിനുശേഷം ബസുകളിൽ കയറി ജന്തർമന്തറിലേക്ക് തിരിക്കുകയായിരുന്നു.
ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി.സതീശനും സമരമുഖത്തേക്കെത്തിയിട്ടുണ്ട്. കേരള ഹൗസിൽനിന്ന് നടന്നാണ് മുഖ്യമന്ത്രി പ്രതിഷേധത്തിലേക്കെത്തിയത്.
Content Highlights: Rahul Gandhi led opposition MPs in a protest march towards Jantar Mantar in Delhi., Protesters demanded the resignation of Chief Election Commissioner Gyanesh Kumar over alleged vote theft., Police blockaded the buses and detained several party workers, leading to clashes., Priyanka Gandhi and other leaders participated in the demonstrations following a solidarity lunch hosted by Mallikarjun Kharge.