'പാർലമെന്റിൽ അംഗബലമുണ്ടോ എന്നത് വിഷയമല്ല'; മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കും- രാഹുൽ ഗാന്ധി

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: ANI
രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാനുറച്ച് കോൺഗ്രസ്. പാർലമെന്റിൽ ആവശ്യത്തിന് അംഗബലമുണ്ടെങ്കിലും ഇല്ലെങ്കിലും ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി തന്ത്രരൂപീകരണ സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.

മണ്ഡല പുനർനിർണയ ബില്ലിനെ ഏതു വിധേനയും എതിർക്കണമെന്ന നിർദേശം കോൺഗ്രസ് നേതൃത്വം പാർട്ടി നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ബില്ലിനെ എതിർക്കാനുള്ള തീരുമാനം സുവ്യക്തമാണെന്നും പാർലമെന്റിൽ ആവശ്യത്തിന് അംഗങ്ങളുണ്ടോ എന്നത് വിഷയമല്ലെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്.

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ബിജെപി മണ്ഡല പുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി യോഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം വിഷയത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ലോക്സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് എംപിമാർ യോഗത്തിൽ പങ്കെടുത്തതായി പാർട്ടി എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. വിഷയത്തിൽ ശനിയാഴ്ച വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ആവശ്യം തുടക്കംമുതൽ വ്യക്തമായിരുന്നുവെന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. നിലവിൽ ലോക്സഭയിലുള്ള അംഗങ്ങളുടെ എണ്ണം അതേപടി നിലനിർത്തണം എന്നതാണ് ഒന്നാമത്തെ ആവശ്യം. വനിതകൾക്ക് 33 ശതമാനം സംവരണം നിലവിലുള്ള ലോക്സഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ നടപ്പാക്കണം. കൂടാതെ, ലോക്സഭയിൽ ഓരോ സംസ്ഥാനത്തിനുമുള്ള അംഗങ്ങളുടെ അനുപാതം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് കോൺഗ്രസിന്റെ വ്യക്തമായ നിലപാടെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

Content Highlights: Lok Sabha Leader of Opposition Rahul Gandhi told a Congress strategy meeting that the party will oppose the Delimitation Bill regardless of numbers in Parliament, while Gaurav Gogoi demanded keeping seat counts unchanged.