'ആയുധമേന്തിയ നക്സലുകൾക്ക് ശേഷം ഇനിയുള്ള ലക്ഷ്യം ദിമാഗി നക്സലുകൾ': ഭരണപക്ഷ-പ്രതിപക്ഷ വാക്പോര്

#ന്യൂസ് ഡെസ്ക്
കിരണ്‍ റിജിജു, രാഹുല്‍ ഗാന്ധി | Photo : PTI
കിരണ്‍ റിജിജു, രാഹുല്‍ ഗാന്ധി | Photo : PTI

ന്യൂഡൽഹി: 'ദിമാഗി നക്സൽ' (നക്സൽ ചിന്താഗതിയുള്ളവർ) പ്രയോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര് ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടിക്കും പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി.

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വിശേഷിപ്പിച്ച മാവോയിസത്തെ ഇല്ലാതാക്കിയതിന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് നന്ദി പറയുകയാണ് വേണ്ടതെന്ന് റിജിജു പറഞ്ഞു. ആയുധമേന്തിയ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയ സർക്കാരിന്റെ അടുത്ത ലക്ഷ്യം 'ദിമാഗി നക്സലുകളെ' ഉൻമൂലനംചെയ്യുക എന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഛത്തീസ്ഗഢിലെ ബസ്തറിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ദിമാഗി നക്സൽ പരാമർശം. രാജ്യത്ത് ആയുധമേന്തിയ മാവോയിസ്റ്റുകളെ തുടച്ചുനീക്കിയെങ്കിലും ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടാൻ വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും 'ദിമാഗി നക്സലുകൾ' കടന്നുകൂടിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. തങ്ങളെ നക്സലുകളെന്ന് വിളിച്ച പ്രധാനമന്ത്രിയുടെ നുണകൾ സി.ആർ.പി.എഫ് ജവാന്മാർ വിശ്വസിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ആരാണ് രാജ്യവിരുദ്ധരെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും പരസ്യമായ ഒരു സംവാദത്തിന് താൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും ആ സംവാദത്തിന് ശേഷം ഏതെങ്കിലും ഒരു ജവാന്റെ മുന്നിൽ നിൽക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടാകില്ലെന്നും രാഹുൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ 'ദിമാഗി നക്സൽ' പ്രയോഗം ജനാധിപത്യപരമായ എതിരഭിപ്രായങ്ങളെ തടയാൻ വേണ്ടിയുള്ളതാണെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.