സഖ്യകക്ഷികൾ ദേശീയതലത്തിൽ പരസ്പരം പോരടിക്കരുത്, ഒരുമിച്ച് നിൽക്കണം- ഇന്ത്യാസഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം പോരടിക്കരുതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഇത്തരം പരസ്യപ്രസ്‌താവനകൾ ബി.ജെ.പി. ഉപയോഗിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
സംസ്ഥാനതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളും കാണും. എന്നാൽ, അതൊരിക്കലും ദേശീയതലത്തിൽ പ്രതിഫലിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധസമരം ചർച്ചചെയ്യാൻ ചേർന്ന ഇന്ത്യാസഖ്യ യോഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
'എനിക്ക് ഈഗോ ഇല്ല': ഇന്ത്യാസഖ്യ യോഗത്തിൽ ബേബിയുടെ നിർദേശത്തെ പിന്തുണച്ച് മമത
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധസമരത്തിൽ രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല, പൊതുസമൂഹത്തെ ഒന്നാകെ അണിനിരത്തണമെന്ന സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിർദേശത്തെ പിന്തുണച്ച് മമത ബാനർജി. തനിക്ക് ഈഗോ ഇല്ലെന്നും ജനാധിപത്യ സംരക്ഷണത്തിന് എല്ലാവരും ഒന്നിക്കണമെന്നും മമത പറഞ്ഞു. പി. സന്തോഷ് കുമാർ, ദിപാങ്കർ ഭട്ടാചാര്യ തുടങ്ങിയ ഇടതുനേതാക്കളും പൊതുസമൂഹവുമായും ആക്ടിവിസ്റ്റുകളുമായും സഹകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.
എം.എ. ബേബി തനിക്ക് കത്തെഴുതിയ കാര്യവും താൻ അതിന് മറുപടിക്കത്തയച്ച കാര്യവും മമത യോഗത്തെ അറിയിച്ചു. സി.പി.എം. ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് മമത ഇതാദ്യമായാണ് ഇന്ത്യാസഖ്യ യോഗത്തിൽ പറയുന്നത്.
യോഗത്തിൽ കപിൽ സിബലിന്റെ നിയമോപദേശം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരേ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ യോഗത്തിൽ വിശദീകരിച്ചു. സിബൽ മുന്നോട്ടുവച്ച ചില നിർദേശങ്ങൾ യോഗം അംഗീകരിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നിലവിൽ കോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളിലും അടിയന്തരമായി തീർപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തുനൽകാൻ യോഗത്തിൽ ധാരണയായി. അതേസമയം, ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ കേസുകൾ ഫയൽചെയ്യുന്നതിൽ തീരുമാനമായില്ല.