പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, ഞാൻ ഉറപ്പ് പറയുന്നു BJP വീഴും: രാഹുലിന്റെ പ്രസംഗം പുറത്ത്

ന്യൂഡൽഹി: ഈ മാസം എട്ടിന് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് സഖ്യകക്ഷികൾക്ക് ആത്മവിശ്വാസം നൽകിയ രാഹുൽ മുന്നണിക്കുള്ളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും വിവരിക്കുന്നതാണ് പ്രസംഗം. രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളത് കൊണ്ട് കേരളത്തിലെ മുൻ മുഖ്യമന്ത്രി (പിണറായി വിജയൻ)യെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്നും എന്നാൽ ബിജെപിക്കെതിരെ ഒന്നുച്ചുനിൽക്കേണ്ടതുണ്ടെന്നും രാഹുൽ പ്രസംഗത്തിൽ പറയുന്നുണ്ട്.
തനിക്കെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും ഉയർന്ന എല്ലാ വിമർശനങ്ങളെയും താൻ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്.
'നിങ്ങൾക്ക് എന്നെക്കുറിച്ചോ കോൺഗ്രസ് പാർട്ടിയെക്കുറിച്ചോ എന്തുതന്നെ വിമർശനം ഉണ്ടെങ്കിലും അത് ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും. നിങ്ങളുടെ സന്തോഷത്തിനായി ഞങ്ങൾ ശ്രമിക്കും. കാരണം, നിങ്ങളുടെ റോളിൽ നിന്ന് ഞങ്ങളുടെ റോൾ അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഞാൻ ഇത് അഹങ്കാരത്തോടെ പറയുന്നില്ല. പലരും പറഞ്ഞതുപോലെ, സ്‌നേഹത്തോടും വാത്സല്യത്തോടും നിങ്ങളെ എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് ഞങ്ങളുടെ റോൾ' രാഹുൽ പറഞ്ഞു.
തങ്ങളുടെ പാർട്ടി മറ്റ് എല്ലാ പാർട്ടികളിൽ നിന്നും വ്യത്യസ്തമായിട്ടാണ് രൂപംകൊണ്ടത്. ഈ പാർട്ടി രൂപം കൊണ്ടത് ആധുനിക ഇന്ത്യ രൂപം കൊള്ളുന്നതിന് മുൻപുള്ള ഒരു പ്രതിരോധ പ്രസ്ഥാനമായാണ്. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന ആശയത്തെ സംരക്ഷിക്കുന്ന ഒരു പ്രതിരോധ പ്രസ്ഥാനമാണ് കോൺഗ്രസ് പാർട്ടിയെന്നും രാഹുൽ പറഞ്ഞു.
'ആർഎസ്എസ്സിന്റെ കാഴ്ചപ്പാടിനോട് ഞങ്ങൾ അടിസ്ഥാനപരമായി എതിരാണ്. ബി.ജെ.പി.യുമായോ ആർ.എസ്.എസ്.സുമായോ കൂട്ടുചേരാനോ വിട്ടുവീഴ്ച ചെയ്യാനോ ഞങ്ങൾ തയ്യാറാകില്ല. ഈ രാജ്യത്ത് ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുണ്ട്, അവർ പറയും 'ഞങ്ങളുടെ തലവെട്ടിക്കൊള്ളൂ, ഞങ്ങൾ ആർഎസ്എസ്സിന് മുന്നിൽ തലകുനിക്കില്ല എന്ന്' രാഹുൽ വ്യക്തമാക്കി.
പഴയ രാഷ്ട്രീയ തന്ത്രങ്ങൾ ഇനി ഫലിക്കില്ലെന്നും 'പ്രതിരോധം'മാത്രമേ നിലനിൽപ്പിന് സഹായിക്കൂ എന്നും രാഹുൽ ഘടകകക്ഷികളെ ഓർമിപ്പിച്ചു. ഇന്ത്യൻ ഭരണകൂടം ഒരു ന്യായമായ പോർക്കളം നൽകിയപ്പോൾ മാത്രമാണ് നേരത്തെയുള്ള തന്ത്രങ്ങൾ ഫലിച്ചിരുന്നത്. ആ പോർക്കളം ഇനിയില്ല.
നിയമവ്യവസ്ഥ, ബ്യൂറോക്രസി, രഹസ്യാന്വേഷണ ഏജൻസികൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബിജെപി പിടിച്ചടക്കിയിരിക്കുകയാണെന്നും ഏതറ്റംവരെയും പ്രതിരോധിക്കണമെന്നും രാഹുൽ പറഞ്ഞു.
ചിന്താഗതി മാറണം. അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കണം എന്ന ചിന്താഗതി ഇപ്പോൾ തന്നെ വേണം. നമ്മൾ പരസ്പരം പോരടിച്ച് മാധ്യമങ്ങൾക്ക് ആക്രമിക്കാൻ അവസരം നൽകരുതെന്നും രാഹുൽ ഉപദേശിച്ചു.
'ഏത് ഭാഗത്തുനിന്നും എന്തു വിമർശനവും ഞാൻ സന്തോഷത്തോടെ സ്വീകരിക്കാൻ തയ്യാറാണ്. കാരണം, എനിക്ക് ഇതൊരു ആത്മീയ കടമയാണ്. ഇതൊരിക്കലും രാഷ്ട്രീയം ആയിരുന്നില്ല. അതുകൊണ്ടാണ് ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നത്, ഈ കൂട്ടായ്മയെ ഒരുമിപ്പിച്ച് വിജയിപ്പിക്കാൻ ഞാൻ സഹിക്കേണ്ടി വരുന്ന എല്ലാ അപമാനങ്ങളും ഞാൻ സഹിക്കും' രാഹുൽ കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, നിയമ സംവിധാനം, ഉദ്യോഗസ്ഥവൃന്ദം, രഹസ്യാന്വേഷണ ഏജൻസികൾ എല്ലാം ഈ സർക്കാരിനെ അധികാരത്തിൽ നിലനിർത്താൻ വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
എന്നാൽ ഈ സർക്കാർ നിലനിൽക്കില്ല. കാരണം അത് നമ്മുടെ ജനാധിപത്യത്തെ നശിപ്പിച്ചു. അത് ഇന്ത്യൻ ജനങ്ങളുടെ ഭാവിയെ നശിപ്പിച്ചുവെന്നും രാഹുൽ പറഞ്ഞു.
ബിജെപിക്കെതിരെ പോരാടുമ്പോൾ സഖ്യകക്ഷികൾക്കിടയിൽ പ്രാദേശികമായ വിയോജിപ്പുകൾ ഉണ്ടാകാമെന്നും, എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നാം ഫ്‌ളക്‌സിബിൾ ആയിരിക്കണമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയെ സംരക്ഷിക്കുന്ന കാര്യത്തിൽ ഡി.എം.കെയും ഒപ്പമുണ്ടാകുമെന്ന് നൂറ് ശതമാനം തനിക്കുറപ്പാണെന്നും രാഹുൽ യോഗത്തിൽ വ്യക്തമാക്കി. 'ഈ മുറിയിലുള്ള ഓരോരുത്തരും ഉണ്ടാകും. നമുക്ക് നമ്മുടെ തർക്കങ്ങളുണ്ട്. പക്ഷെ കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ പോയി കെട്ടിപ്പിടിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ, എനിക്ക് കഴിയില്ല, ഞാൻ ചെയ്യില്ല. കാരണം അദ്ദേഹവുമായി എനിക്ക് രാഷ്ട്രീയപരമായ തർക്കമുണ്ട്. അതിനാൽ നമ്മൾ തിരിച്ചറിയണം' രാഹുൽ പറഞ്ഞു.
ചർച്ചകളിൽ നിരാശ പാടില്ലെന്നും ബിജെപിയെ എങ്ങനെ തോൽപ്പിക്കും എന്ന നിരാശയാണ് പലർക്കെന്നും രാഹുൽ പറഞ്ഞു. 'എന്നാൽ ഞാൻ നിങ്ങളോട് പറയാം, നമ്മൾ ഒരുമിച്ച് നിന്ന് പ്രതിരോധിച്ചാൽ അവരെ തോൽപ്പിക്കാൻ എളുപ്പമാണ്. അവസാന തിരഞ്ഞെടുപ്പിൽ, ഈ മുറിയിലുള്ള ആരും, ഞാൻ ഒഴികെ, നമ്മൾക്ക് ബി.ജെ.പി.യെ തോൽപ്പിക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ ഈ മുറിയിലുള്ള എല്ലാവരും അവരെ തോൽപ്പിക്കുമെന്ന് വിശ്വസിക്കണം. ആ വിശ്വാസത്തോടെ തുടങ്ങുക, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോറും, അവർ ചതിച്ചാലും ചതിച്ചില്ലെങ്കിലും, അവർ വീഴും' രാഹുൽ പറഞ്ഞവസാനിപ്പിച്ചു.
Content Highlights: Rahul Gandhi emphasizes the need for a unified 'resistance' movement against BJP., Acknowledgment of regional political differences while maintaining ideological unity., Critique of current institutional capture including media and investigative agencies., Call for absolute confidence among alliance partners to defeat the ruling government., Commitment to democratic values and rejection of RSS ideology.