'മോദി നുണകളിൽ അഭയം പ്രാപിച്ചു, സത്യത്തെ ഭയപ്പെടുന്നു'; മറുപടിയുമായി രാഹുൽ ഗാന്ധി

#News Desk
രാഹുൽ ഗാന്ധി, നരേന്ദ്രമോദി | Photos: ANI
രാഹുൽ ഗാന്ധി, നരേന്ദ്രമോദി | Photos: ANI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മോദി ചോദ്യങ്ങളിൽ പരിഭ്രാന്തനായിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. സത്യത്തെ മോദി ഭയപ്പെടുന്നുവെന്നും നുണകളിൽ അദ്ദേഹം അഭയം പ്രാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

'ചോദ്യങ്ങളിൽ ഇത്രയേറെ പരിഭ്രാന്തിയോ? മോദി സത്യത്തെ ഭയപ്പെടുന്നു. നുണകളിൽ അഭയം പ്രാപിച്ചു. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാൻ ചെയ്തത്.' -ഇതാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്. നേരത്തേ പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി മോദി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹ്രസ്വമായ മറുപടിയുമായി രാഹുൽ രംഗത്തെത്തിയത്.

ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഒട്ടേറെ ചോദ്യങ്ങളാണ് നേരത്തേ ഭരണപക്ഷത്തിനോട് ഉന്നയിച്ചത്. രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ ഇതിനൊന്നും മോദി മറുപടി പറഞ്ഞിരുന്നില്ല. പകരം രാഹുൽ ഗാന്ധിയേയും പ്രതിപക്ഷത്തേയും കടന്നാക്രമിക്കുകയാണ്‌ മോദി ചെയ്തത്.

കരസേനാ മേധാവിയായിരുന്ന മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം മുന്നിൽവെച്ച് ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് രാഹുൽ ചോദ്യമുയർത്തിയിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകമെന്ന് ഭരണപക്ഷം ആരോപിച്ചപ്പോൾ അടുത്തദിവസം പുസ്തകവുമായി പ്രതിപക്ഷനേതാവ് സഭയിലെത്തി. പിന്നീട് യുഎസ്സുമായുള്ള വ്യാപാരക്കരാറിൽ മോദി സമ്മർദത്തിന് വഴിപ്പെട്ടോയെന്ന് എപ്സ്റ്റീൻ ഫയൽ ഉയർത്തിക്കൊണ്ട് രാഹുൽ പാർലമെന്റിന് പുറത്ത് ചോദിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും വസ്തുതാപരമായ മറുപടി മോദിയുടേയോ ഭരണപക്ഷത്തിന്റേയോ ഭാഗത്തുനിന്ന് ഉണ്ടായില്ല.

Content Highlights: Leader of the Opposition Rahul Gandhi launched a sharp counterattack against Prime Minister Narendra Modi following the PM’s reply to the Motion of Thanks in the Rajya Sabha. Gandhi accused the Prime Minister of being "panicked" by tough questions and taking refuge in lies to avoid the truth. The standoff intensified after Gandhi was blocked from quoting from former Army Chief Gen. M.M. Naravane's memoir and raised concerns over the "Epstein Files" and recent US-India trade deals.