രാഹുൽ ലക്ഷ്യമിടുന്നത് ഉന്നത ഭരണകേന്ദ്രങ്ങളെ, റെക്കോഡ് ചെയ്ത ശബ്ദശകലങ്ങളുൾപ്പെടെ പുറത്തുവിട്ടേക്കും

രാഹുൽ ​ഗാന്ധി | പി.ജി. ഉണ്ണികൃഷ്ണൻ, മാതൃഭൂമി
രാഹുൽ ​ഗാന്ധി | പി.ജി. ഉണ്ണികൃഷ്ണൻ, മാതൃഭൂമി

ന്യൂഡൽഹി: വോട്ടുകവർച്ചയിലെ ‘ഹൈഡ്രജൻ ബോംബി’ൽ ഏവരെയും ഉദ്വേഗത്തിൽ നിർത്തിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.

വെളിപ്പെടുത്തലുകളുടെ ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നേയുള്ളൂവെന്ന മുന്നറിയിപ്പാണ് വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ നൽകിയത്. വോട്ടുകവർച്ച ആരോപണങ്ങളുടെ ആദ്യഘട്ടവും രണ്ടാംഘട്ടവും കഴിഞ്ഞു. ഹൈഡ്രജൻ ബോംബിൽ സസ്പെൻസ് നിലനിൽക്കുകയാണ്. അധികം താമസിയാതെ അതും പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുൽ. ഉന്നത ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതായിരിക്കും ഹൈഡ്രജൻ ബോംബ് എന്നാണ് അനുമാനം.

വോട്ടർപട്ടികയിൽ പേരുകൾ നീക്കുന്നതിലും കൂട്ടിച്ചേർക്കുന്നതിലും സംഘടിതമായ ശക്തിയും ബുദ്ധികേന്ദ്രവുമുണ്ടെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇത് ആരെന്നതിലേക്കുള്ള വിരൽചൂണ്ടൽ ഹൈഡ്രജൻ ബോംബ് ആരോപണങ്ങളിലുണ്ടായേക്കും. ഉന്നത ഭരണകേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന റെക്കോഡ് ചെയ്ത ശബ്ദശകലങ്ങളുൾപ്പെടെ ശക്തമായ ആരോപണത്തിനാണ് തയ്യാറെടുക്കുന്നതെന്നാണ് വിവരം.

തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് സമാന്തരമായ ഒരു സംവിധാനം രൂപപ്പെടുത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയെന്ന ആരോപണം തെളിവുകളോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഹുൽ.

Content Highlights: rahul gandhi election voters list allegation