ഓരോ കേസും എനിക്കുള്ള മെഡലാണ്, 45 എഫ്‌ഐആറുകളായി, ലക്ഷ്യം 100, ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിവരും-രാഹുൽ

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ജന്തര്‍ മന്തറിലേക്ക് പോകാനായി ഒരുങ്ങുന്നു |ഫോട്ടോ:ANI
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ജന്തര്‍ മന്തറിലേക്ക് പോകാനായി ഒരുങ്ങുന്നു |ഫോട്ടോ:ANI

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടി വരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ എംപിമാരുമായി ജന്തർ മന്തറിലേക്ക് പോകുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം. തനിക്കെതിരെ 45 കേസുകളുണ്ടെന്നും നൂറാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞ രാഹുൽ ഓരോ എഫ്‌ഐആറുകളും തനിക്കുള്ള മെഡലുകളാണെന്നും പറഞ്ഞു.

'പാർലമെന്റ് അംഗങ്ങൾ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ കാണാൻ ആഗ്രഹിച്ചിരുന്നു. അവർ ഞങ്ങളെ കാണാൻ വിസമ്മതിച്ചു. ഡൽഹി പോലീസ് ഞങ്ങളെ തടയുകയും അവിടെ പ്രതിഷേധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ന്, നിശ്ചയിക്കപ്പെട്ട പ്രതിഷേധ സ്ഥലമായ ജന്തർമന്തറിലേക്ക് പോകാനും അവിടെ ഇരുന്ന്, ഞങ്ങളെ സംബന്ധിച്ചിടത്തോളം മിസ്റ്റർ ഗ്യാനേഷ് കുമാർ ഈ രാജ്യത്തിന്റെ നിയമപരമായി അംഗീകരിക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറല്ല എന്ന് രാജ്യത്തോട് പ്രഖ്യാപിക്കാനും ഞങ്ങൾ ഉദ്ദേശിക്കുന്നു. മോദിജിയും അമിത് ഷാജിയും മോഹൻ ഭാഗവതും ഗ്യാനേഷ് കുമാറും രാജ്യത്തിന്റെ ജനാധിപത്യം തകർത്തിരിക്കുന്നു. ഞാൻ ഇന്നലെ പറഞ്ഞതുപോലെ, ഇതിന് ഉത്തരവാദികൾ രാജ്യദ്രോഹികളാണ്, ഞങ്ങൾ അവർക്കെതിരെ നീങ്ങും. ഞാൻ നിങ്ങളോട് ഇപ്പോൾ പറയുന്നു, ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടിവരും' രാഹുൽ പറഞ്ഞു.

ജന്തർ മന്തറിലേക്ക് നീങ്ങിയ പ്രതിപക്ഷ എംപിമാരെ പിന്തുണച്ച് നൂറുകണക്കിന് പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങിയിട്ടുണ്ട്. മൂന്നു ബസുകളിലായിട്ടാണ് എംപിമാർ ജന്തർ മന്തറിലേക്ക് പോകുന്നത്.

എന്നാൽ ജന്തർ മന്തറിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് അടച്ചിട്ടുണ്ട്. ഒന്നിച്ചുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ച് സംഘർഷഭരിതമായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രതിഷേധം.

'ഉദ്വേഗജനകമാണ് ഡൽഹി. മറ്റൊരു സമരമുഖം തുറക്കപ്പെടുകയാണ്. വെളിപ്പെടുത്തപ്പെടാത്ത ഒരു സമര രംഗത്തേക്ക് ഞാനടക്കമുള്ള എംപിമാരുടെ സംഘം യാത്രതിരിച്ചിരിക്കുന്നു...' എന്ന് സിപിഎം എംപി എ.എ.റഹിം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഇതിനിടെ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്ത് കൈമാറി. ജോൺ ബ്രിട്ടാസ് എംപിമാണ് കത്ത് കൈമാറിയത്.

Content Highlights: Rahul Gandhi stated that Chief Election Commissioner Gyanesh Kumar will have to resign., Opposition MPs marched towards Jantar Mantar to protest against the Election Commission., The opposition submitted a memorandum to the President demanding urgent intervention., Delhi Police blocked routes to Jantar Mantar with barricades.