'ഗ്യാനേഷ് കുമാർ ഉടനടി രാജിവെച്ച് മാപ്പുസാക്ഷിയാകണം, രാജ്യദ്രോഹ കുറ്റമാണ് നടത്തിയിരിക്കുന്നത്, കൈയുംകെട്ടി നോക്കിനിൽക്കില്ല'

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് |ഫോട്ടോ:AFP
രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് |ഫോട്ടോ:AFP

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജി വെക്കുകയും, ജനാധിപത്യത്തെ തകർത്ത ഈ നടപടികളിൽ സത്യം വെളിപ്പെടുത്തി മാപ്പുസാക്ഷിയാകാൻ തയ്യാറാകുകയും വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകൾ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആവശ്യം.

വോട്ട് നശിപ്പിക്കുകയും ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കുകയും ചെയ്യുന്നത് രാജ്യത്തിന് എതിരെയുള്ള കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള പ്രധാനികൾ. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഇന്നല്ലെങ്കിൽ നാളെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻതോതിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയും. തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ട് സംരക്ഷിക്കേണ്ട പ്രധാന സ്ഥാപനമെങ്കിലും, കമ്മിഷന്റെ നേതൃത്വം തന്നെ വോട്ട് മോഷണത്തിന് വഴിയൊരുക്കിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

'പാർലമെന്റിൽ പ്രവേശിച്ച എംപിമാർ മോഷ്ടിക്കപ്പെട്ട വോട്ടിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിൽ, അവർ ഉണ്ടാക്കുന്ന ഏത് നിയമവും നിയമവിരുദ്ധമാണ്. അവർ നിയന്ത്രിക്കുന്ന ഏത് സ്ഥാപനപരമായ മാറ്റവും നിയമവിരുദ്ധമാണ്. ഇന്ത്യയിൽ ജനാധിപത്യം തകരുന്നത് കണ്ട് ഞങ്ങൾ കൈയുംകെട്ടി ഇരിക്കില്ല.ഇതിന് ഉത്തരവാദികളായ ആളുകൾ ശിക്ഷിക്കപ്പെടും, ഇന്നല്ലെങ്കിൽ നാളെ' രാഹുൽ പറഞ്ഞു.

1971ൽ ബംഗ്ലാദേശ് യുദ്ധത്തിൽ വിജയിച്ചതിനുശേഷം ഇന്ദിരാഗാന്ധി തന്റെ ജനപ്രീതിയുടെ ഉച്ചസ്ഥായിയിലായിരുന്നു, എന്നാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവർക്ക് വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരത്തെയും സമ്മർദ്ദത്തെയും നേരിടേണ്ടിവന്നു. ഒന്നിന് പിറകെ ഒന്നായി വരുന്ന നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രാദേശിക പാർട്ടികൾക്കും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ എന്തുകൊണ്ടോ, പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും അത് സംഭവിക്കുന്നില്ല. വോട്ട് അട്ടിമറിയാണ് അവരുടെ ആത്മവിശ്വാസത്തിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു.

2023 ഡിസംബർ 21ന് തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അന്വേഷണങ്ങളിൽ നിന്നും നിയമസംവിധാനത്തിൽ നിന്നും പ്രതിരോധം നൽകുന്ന വിചിത്രമായ നിയമം പാസാക്കിയെന്നും രാഹുൽ പറഞ്ഞു. വിയോജന കുറിപ്പ് തള്ളിയാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഗ്യാനേഷ് കുമാറിനെ നിയമിച്ചത്. 1947ന് ശേഷം ഇന്ത്യൻ ജനാധിപത്യം ഇത്തരമൊരു തകർച്ച നേരിട്ടിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi demands the immediate resignation of Chief Election Commissioner Gyanesh Kumar., Accuses the Election Commission and central government of undermining democracy and vote tampering., Alleges that the Prime Minister and Home Minister Amit Shah are behind the conspiracy., Claims 100% certainty of rigging in recent Lok Sabha and state assembly elections.