ബ്രസീലിയന്‍ മോഡല്‍ ഹരിയാണയില്‍ വോട്ടറോ? 10 ബൂത്തിലായി 22 വോട്ടര്‍മാരായി ഈ മോഡലിന്റെ ചിത്രമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: 2024-ലെ ഹരിയാണ തിരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ബ്രസീലിയന്‍ മോഡലായ യുവതിയുടെ ചിത്രം ഉപയോഗിച്ച് ഹരിയാണയിലെ പത്തു ബൂത്തുകളിലായി 22 പേര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടുകയും വോട്ട് രേഖപ്പെടുത്തപ്പെടുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഉന്നയിച്ചത്.
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ വഴിയൊരുക്കുകയായിരുന്നുവെന്നും വലിയ ഗൂഢാലോചനയിലൂടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എല്ലാ അഭിപ്രായ സര്‍വേയും എക്‌സിറ്റ് പോളുകളും പ്രവചിച്ച തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതെന്നും രാഹുല്‍ ആരോപിച്ചു.
ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ വിവിധ പേരുകളിൽ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയും പത്തു ബൂത്തുകളിലായി 22 വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും രാഹുൽ പറഞ്ഞു. ഇത്തരത്തില്‍ ഹരിയാണയില്‍ അഞ്ചു വിഭാഗങ്ങളിലായി 25 ലക്ഷം കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: rahul gandhi alleges mass irregularities in haryana assembly election