യുഎസ് താരിഫ് ഏര്‍പ്പെടുത്തിയതിന് കാരണം റഷ്യന്‍ എണ്ണയല്ല, ട്രംപ് പറഞ്ഞത് അംഗീകരിക്കാത്തത്- രഘുറാം രാജന്‍

രഘുറാം രാജൻ | Photo:AFP
രഘുറാം രാജൻ | Photo:AFP

സൂറിച്ച്: ഇന്ത്യക്കുമേല്‍ അമേരിക്ക പിഴച്ചുങ്കം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ റഷ്യന്‍ എണ്ണ കാരണമായിരുന്നില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജന്‍. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50% താരിഫിന് റഷ്യന്‍ എണ്ണ ഇറക്കുമതി കാരണമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്താനുമായുള്ള സൈനിക വെടിനിര്‍ത്തലിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അത് കൈകാര്യം ചെയ്ത രീതിയുമാണ് ഇതിന് കാരണമായി രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സൂറിച്ച് സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍. ട്രംപിന്റെ വാദം അംഗീകരിച്ച് പാകിസ്ഥാന്‍ 'ഒപ്പം നിന്നതുകൊണ്ട്' അവര്‍ക്ക് താരിഫ് കുറച്ചെന്നും അദ്ദേഹം പറഞ്ഞു.

'റഷ്യന്‍ എണ്ണ പ്രശ്‌നമായിരുന്നില്ല. വൈറ്റ് ഹൗസിലെ ഒരു വ്യക്തിത്വമായിരുന്നു പ്രധാന പ്രശ്‌നമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിന് ട്രംപ് ക്രെഡിറ്റ് നേടിയതിന് ശേഷം ഇന്ത്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ കാരണമായി. പാകിസ്താന്‍ ഇത് ശരിയായി ഉപയോഗിച്ചു. ട്രംപ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു.' രഘുറാം രാജന്‍ പറഞ്ഞു.

ട്രംപിന്റെ സാന്നിധ്യമില്ലാതെ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്തിയിരുന്നതായി ഇന്ത്യ വാദിക്കാന്‍ ശ്രമിച്ചു. ഒരുപക്ഷേ സത്യം ഇതിനിടയിലായിരിക്കാം. എന്നാല്‍, ഇന്ത്യക്ക് 50 ശതമാനം താരിഫും പാകിസ്താന് 19 ശതമാനവും ലഭിച്ചുവെന്നതാണ് ഫലമെന്നും രഘുറാം രാജന്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് കാരണം താനാണെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. തന്റെ ഇടപെടലാണ് യുദ്ധം അവസാനിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പാകിസ്താന്‍ ഇത് അംഗീകരിച്ചിണ്ടെങ്കിലും ഇന്ത്യ ഈ അവകാശവാദത്തെ പലപ്പോഴായി തള്ളിയിരുന്നു.

പാകിസ്താന്‍ സൈനിക ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യന്‍ പ്രതിനിധിയെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സമീപിച്ചതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്നായിരുന്നു ഇന്ത്യയുടെ വാദം. ഇതിന് പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യുക്രൈനുമായി യുദ്ധത്തിലേര്‍പ്പെട്ട റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇന്ത്യക്കുമേല്‍ അധിക ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, അധിക ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ യഥാര്‍ത്ഥ കാരണം റഷ്യന്‍ എണ്ണയല്ലെന്നാണ് രഘുറാം രാജന്‍ പറയുന്നത്.

Content Highlights: Former RBI Governor Raghuram Rajan clarifies the real reason behind US tariffs on India