രാഘവ് ഛദ്ദ ബിജെപിയിലേക്കോ? അഭ്യൂഹം ശക്തം; ‘തോൽപ്പിക്കാനാകില്ല’, പ്രശംസയുമായി ബിജെപി നേതാക്കൾ

ന്യൂഡൽഹി: പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമായിരിക്കെ ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗമായ രാഘവ് ഛദ്ദ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നു. ആംആദ്മി പാർട്ടിയുടെ രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കംചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. അതിനിടെ, രാഘവ് ഛദ്ദയ്ക്ക് പിന്തുണയുമായി ബിജെപി നേതാക്കളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കംചെയ്തതിന് പിന്നാലെ രാഘവ് ഛദ്ദ സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ പ്രതികരണമറിയിച്ചിരുന്നു. നിശബ്ദനാക്കാം പക്ഷേ, തോൽപ്പിക്കാനാകില്ല എന്നാണ് രാഘവ് ഛദ്ദ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. ഇതാണ് ആംആദ്മിക്കുള്ള തന്റെ സന്ദേശമെന്നും അദ്ദേഹം കുറിച്ചിരുന്നു.
ഇതിനുപിന്നാലെ രാഘവ് ഛദ്ദയെ അഭിനന്ദിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. രാഘവ് ഛദ്ദ വളരെ മുൻപുതന്നെ മൗനം വെടിയേണ്ടതായിരുന്നുവെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന് ഒരു കഴിവുണ്ട്, അദ്ദേഹം ആദ്യം ആളുകളെ ഉപയോഗിക്കും, പിന്നെ അവരെ ഒഴിവാക്കുമെന്നും വിരേന്ദ്ര സച്ച്‌ദേവ പ്രതികരിച്ചു.
രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തത് അദ്ദേഹത്തിന്റെ പാർട്ടിയെടുത്ത തീരുമാനമാണ്. എല്ലാപാർട്ടികൾക്കും അത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, രാഘവ് ഛദ്ദയ്ക്ക് സംസാരിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭ സെക്രട്ടറിയേറ്റിന് കത്തെഴുതിയത് എതിർക്കപ്പെടേണ്ടതാണ്. അരവിന്ദ് കെജ്‌രിവാൾ ഒരു ദുർബലനാണ്. മറ്റുള്ളവരുടെ കഴിവുകളിൽ അദ്ദേഹത്തിന് ഭയമാണെന്നും ഡൽഹി ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ബിജെപി എംപി രാംവീർ സിങ് ബിദുരിയും രാഘവ് ഛദ്ദയെ അഭിനന്ദനം അറിയിച്ചു. പൊതുവിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ രാഘവ് ഛദ്ദ മികവ് കാണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ''ഞാൻ ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരിക്കെ രാഘവ് ഛദ്ദ എംഎൽഎയായിരുന്നു. അദ്ദേഹം നല്ലരീതിയിൽ സംസാരിക്കും. അദ്ദേഹത്തെ കേട്ടിരിക്കാനും ഇഷ്ടമായിരുന്നു. പിന്നീട് അദ്ദേഹം രാജ്യസഭയിലെത്തി. അവിടെയും അദ്ദേഹം പൊതുവിഷയങ്ങൾ ഉന്നയിക്കുന്നത് തുടർന്നു. എന്നാൽ, എന്തുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ രാഘവ് ഛദ്ദയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പാർലമെന്റ് അംഗത്തെ സംസാരിക്കുന്നതിൽനിന്ന് വിലക്കിയാൽ അത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്. അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും ഈ തീരുമാനം പുനഃപരിശോധിക്കണം'', ബിജെപി എംപി പറഞ്ഞു.
അഭ്യൂഹങ്ങൾ തള്ളി ആംആദ്മി
രാഘവ് ഛദ്ദ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ വിവിധ ആംആദ്മി നേതാക്കൾ ഇതെല്ലാം തള്ളി രംഗത്തെത്തി. ഛദ്ദ ബിജെപിയിൽ ചേർന്നേക്കുമെന്നത് കിംവദന്തികൾ മാത്രമാണെന്ന് അദ്ദേഹത്തിന് പകരം രാജ്യസഭ ഡെപ്യൂട്ടി ലീഡറായ അശോക് മിത്തൽ പ്രതികരിച്ചു. അതേസമയം, രാഘവ് ഛദ്ദയെ വലയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടാകാം എന്നരീതിയിലാണ് ആംആദ്മി നേതാവും ഡൽഹിയിലെ പ്രതിപക്ഷ നേതാവുമായ അതിഷി പ്രതികരിച്ചത്. പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപിക്ക് ഒരു 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്' നടപടിക്രമമുണ്ട്. ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും ബിജെപി ഇത് ഉപയോഗിക്കുന്നു. ഇത് ചില നേതാക്കളിൽ ഭയവും സമ്മർദവുമുണ്ടാക്കാം. അല്ലെങ്കിൽ ചിലർ പ്രലോഭനങ്ങളിൽ വീണുപോകാം. അങ്ങനെ അവർ പാർട്ടിമാറാം. ഒരുപക്ഷേ, രാഘവ് ഛദ്ദയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നുണ്ടാകാമെന്നും അതിഷി കൂട്ടിച്ചേർത്തു.
2012 മുതൽ ആംആദ്മി പാർട്ടിയിൽ സജീവമായുള്ള നേതാവാണ് രാഘവ് ഛദ്ദ. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ രാഘവ് ഛദ്ദ ആംആദ്മിയുടെ ദേശീയ വക്താവായി ടിവി ചർച്ചകളിലടക്കം തിളങ്ങി. 2015-ൽ ഡൽഹിയിൽ ആംആദ്മി അധികാരത്തിലെത്തിയതിന് പിന്നാലെ 26-കാരനായിരുന്ന രാഘവ് ഛദ്ദയെ പാർട്ടിയുടെ ദേശീയ ട്രഷററായി നിയമിച്ചു. 2019-ൽ സൗത്ത് ഡൽഹിയിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020-ൽ പാർട്ടി അദ്ദേഹത്തിന് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി. തുടർന്ന് പഞ്ചാബിൽ 92 സീറ്റ് നേടി ആംആദ്മി അധികാരം പിടിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. 2020-ൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ രജീന്ദർ നഗർ മണ്ഡലത്തിൽനിന്ന് രാഘവ് ഛദ്ദ തിരഞ്ഞെടുക്കപ്പെട്ടു. 2022-ൽ പഞ്ചാബിയിൽനിന്ന് അദ്ദേഹം രാജ്യസഭാംഗമായി.
സാധാരണക്കാരെ ബാധിക്കുന്ന, അധികമാരും ഉന്നയിക്കാത്ത ഒട്ടേറെ പ്രശ്‌നങ്ങളാണ് രാജ്യസഭയിൽ രാഘവ് ഛദ്ദ ഉന്നയിച്ചിരുന്നത്. അച്ഛനാകുന്നവർക്ക് ഭാര്യയെയും കുഞ്ഞിനെയും പരിചരിക്കാനായുള്ള അവധി, നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, വിമാനക്കമ്പനികൾ അധിക ബാഗേജിന് ഈടാക്കുന്ന ഉയർന്ന ഫീസ്, മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജ് സംവിധാനം, മിനിമം ബാലൻസില്ലാത്തതിന് ബാങ്കുകൾ ഈടാക്കുന്ന പിഴ, പഴച്ചാറെന്ന പേരിൽ പഞ്ചസാരവെള്ളം വിൽക്കുന്നുവെന്ന ആരോപണം തുടങ്ങിയ നിരവധി വിഷയങ്ങൾ അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഡെലിവറി ജീവനക്കാരെ സമ്മർദത്തിലാക്കുന്ന 'പത്തുമിനിറ്റ് ഡെലിവറി' നയത്തിനെതിരേയും രാഘവ് ഛദ്ദ ശബ്ദമുയർത്തി.
Content Highlights: Raghav Chadha removed as AAP Rajya Sabha Deputy Leader., BJP leaders publicly support Chadha, fueling defection rumors., AAP leadership dismisses rumors as BJP propaganda., Chadha's history of raising public interest issues in Parliament., Atishi alleges BJP uses intimidation and incentives to lure opposition leaders.