ഇന്ത്യ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നു; ഇടനിലക്കാർ ഇല്ല, ഫ്രാൻസുമായുള്ള കരാർ അടുത്ത മാസം

#ബി.ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
വ്യോമസേനയുടെ പക്കലുള്ള റഫാല്‍ വിമാനങ്ങള്‍ | ANI
വ്യോമസേനയുടെ പക്കലുള്ള റഫാല്‍ വിമാനങ്ങള്‍ | ANI

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാർ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാകും കരാറിൽ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. കരാറിൽ ഇടനിലക്കാർ ഉണ്ടാകില്ല. രണ്ട് രാജ്യങ്ങളും തമ്മിലാണ് കരാറിൽ ഒപ്പ് വെയ്ക്കുന്നത്. പുതുതായി വാങ്ങുന്ന 114 റഫാൽ യുദ്ധ വിമാനങ്ങളിൽ 80 ശതമാനവും നിർമിക്കുക ഇന്ത്യയിലാകുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

നിലവിൽ വ്യോമസേനയ്ക്ക് 36 റഫാൽ യുദ്ധ വിമാനങ്ങളാണുള്ളത്. 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ശുപാർശ കഴിഞ്ഞ വർഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫെൻസ് പ്രൊക്യുയർമെന്റ് ബോർഡ് ഈ ശുപാർശക്ക് അംഗീകാരം നൽകി. ബോർഡിന്റെ ശുപാർശ പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിങ് അധ്യക്ഷനായ ഡിഫെൻസ് അക്യുസിഷൻ കൗൺസിൽ (ഡിഎസി) പരിഗണിക്കും. കരാറിന് അന്തിമാനുമതി നൽകേണ്ടത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്.

3.25 ലക്ഷം കോടി രൂപയ്ക്കാണ് ഇന്ത്യ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. കരാർ പ്രകാരം 18 റഫാൽ യുദ്ധ വിമാനങ്ങൾ 2030 ൽ ഇന്ത്യയിൽ എത്തും. ബാക്കിയുള്ള 80 ശതമാനം റാഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും. തദ്ദേശീയമായ സാധനങ്ങൾ കൊണ്ടാകും ഇതിൽ 60 ശതമാനം നിർമാണവും.

Content Highlights: Defence Ministry to discuss Rs 3.25 lakh crore 114 Rafale fighter jet deal