സ്ത്രീകളെ ലക്ഷ്യമിട്ട് ജെയ്‌ഷെയുടെ വനിതാവിഭാഗം; പുല്‍വാമ ആക്രമണം നടത്തിയ ഭീകരന്റെ ഭാര്യയും അംഗം; ഓണ്‍ലൈന്‍ കോഴ്‌സും

#ന്യൂസ് ഡെസ്‌ക്
മസൂദ് അസര്‍, ആഫിറ ബിബി | Photo: AP & x.com/ndtv
മസൂദ് അസര്‍, ആഫിറ ബിബി | Photo: AP & x.com/ndtv

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തില്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബിയും അംഗമായെന്ന് വിവരം. ചെങ്കോട്ട സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ 'ജമാഅത്തുന്‍ മുഹമിനാത്തി'ല്‍ ആഫിറ ബീബി അംഗമായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്‌ചെയ്തു. നിലവില്‍ ജമാഅത്തുന്‍ മുഹമിനാത്തിന്റെ മുഖങ്ങളിലൊന്നാണ് ആഫിറ ബീബിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉമര്‍ ഫാറൂഖിന്റെ ഭാര്യയാണ് ആഫിറ ബീബി. ജെയ്‌ഷെയുടെ കമാന്‍ഡറായിരുന്ന ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലാണ് ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനമോടിച്ച് കയറ്റി പുല്‍വാമയില്‍ ആക്രമണം നടത്തിയത്. 2019 ഫെബ്രുവരി 14-ന് നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികരാണ് വീരമൃത്യുവരിച്ചത്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ ഉമര്‍ ഫാറൂഖിനെ 2019-ല്‍ കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍സേന വധിച്ചു.

ജമാഅത്തുന്‍ മുഹമിനാത്തിന്റെ ഉപദേശകസമിതി അംഗം കൂടിയാണ് ഉമര്‍ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബി. ജെയ്‌ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ സഹോദരി സാദിയ അസറിനൊപ്പം ചേര്‍ന്നാണ് ആഫിറ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവല്‍പുരിലെ ജെയ്‌ഷെ ക്യാമ്പില്‍വെച്ച് കൊല്ലപ്പെട്ട ഭീകരന്‍ യൂസഫ് അസറിന്റെ ഭാര്യയാണ് സാദിയ അസര്‍. ഇന്ത്യയില്‍ ഭീകരവാദം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് മസൂദ് അസര്‍ ആസൂത്രണംചെയ്യുന്ന പദ്ധതികളില്‍ പ്രധാന പങ്കുവഹിക്കുന്നത് സാദിയ അസറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം രൂപവത്കരിക്കാന്‍ പോവുകയാണെന്ന് മസൂദ് അസര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 19-ന് വനിതാഅംഗങ്ങള്‍ക്കായി പാക് അധീനകശ്മീരിലെ റാവല്‍കോട്ടില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് വനിതാവിഭാഗത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സഹോദരിയെയും പിന്നീട് ആഫിറ ബീബിയെയും മസൂദ് അസര്‍ ചുമതലപ്പെടുത്തിയത്.

സ്ത്രീകളെ തീവ്രവാദശൃംഖലയിലേക്ക് റിക്രൂട്ട്‌ചെയ്ത് ജെയ്‌ഷെയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മസൂദ് അസര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജെയ്‌ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയെന്നതാണ് വനിതാവിഭാഗത്തിന്റെ പ്രധാനചുമതല. ഇതിനായി സാമൂഹികപ്രവര്‍ത്തനങ്ങളുടെ മറവിലടക്കം തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമാഅത്തുന്‍ മുഹമിനാത്ത് കഴിഞ്ഞമാസം ഒരു ഓണ്‍ലൈന്‍ പരിശീലന കോഴ്‌സും ആരംഭിച്ചിരുന്നു. ധനശേഖരണവും സ്ത്രീകളുടെ റിക്രൂട്ട്‌മെന്റും ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ കോഴ്‌സ് സംഘടിപ്പിച്ചിരുന്നത്. ജെയ്‌ഷെ ഭീകരരുടെ കുടുംബാംഗങ്ങളായ സ്ത്രീകളാണ് പരിശീലന കോഴ്‌സില്‍ പങ്കെടുത്തത്. കൊടുംഭീകരന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും ഇതില്‍ പങ്കെടുത്തിയിരുന്നു. മസൂദ് അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസറും ഓണ്‍ലൈന്‍ ക്ലാസില്‍ 40 മിനിറ്റോളം ക്ലാസെടുത്തു. ഇതിനുപുറമേ ഓണ്‍ലൈന്‍ കോഴ്‌സില്‍ ചേര്‍ന്ന സ്ത്രീകളില്‍നിന്ന് 500 പാകിസ്താനി രൂപവീതം ശേഖരിക്കുകയും ചെയ്തിരുന്നു.

സ്‌ഫോടകവസ്തുക്കളുമായി കഴിഞ്ഞദിവസം അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ സയീദിനും ജെയ്‌ഷെയുടെ വനിതാവിഭാഗമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ വനിതാവിഭാഗത്തിന്റെ യൂണിറ്റ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയിരുന്നതും ഷഹീനായിരുന്നു. ഇതിനിടെയാണ് കാറില്‍നിന്ന് സ്‌ഫോടകവസ്തുക്കളുമായി ഷഹീന്‍ പിടിയിലായത്. ഇതിനുപിന്നാലെയായിരുന്നു രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ ചാവേറാക്രമണം.

Content Highlights: Afira Bibi, wife of Pulwama attack mastermind Umar Farooq, is now a key member of Jaish-e-Mohammed`s female wing, `Jamaat-un-Muminaat`. This report details the expansion of terror operations.