പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിക്കുന്നവര്‍ക്ക് വധശിക്ഷ കൊണ്ടുവരും- മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ഭേദഗതികൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ഭേദഗതി നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
നിഷ്‌കളങ്കരായ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഈ വിഷയത്തില്‍ വധശിക്ഷയ്ക്കുള്ള വ്യവസ്ഥ കൊണ്ടുവന്നുകഴിഞ്ഞു. ഇതു കൂടാതെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമംകൂടി മധ്യപ്രദേശില്‍ കൊണ്ടുവരും, മോഹന്‍ യാദവ് പറഞ്ഞു. നിയമാനുസൃതമല്ലാത്ത മതപരിവര്‍ത്തനത്തിന് പിന്നിലുള്ളവര വെറുതെവിടില്ല. അത്തരം അനാചാരങ്ങളെയും ദുഷ്‌കൃത്യങ്ങളെയും കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ പെണ്‍മക്കളെ ബലാത്സംഗംചെയ്യുന്നവര്‍ക്ക് വധശിക്ഷയ്ക്കുള്ള വ്യവസ്ഥ കൊണ്ടുവന്നതിന് പിറകെ, നമ്മുടെ പെണ്‍മക്കളെ മതപരിവര്‍ത്തം ചെയ്യുന്നവര്‍ക്കും മധ്യപ്രദേശില്‍ വധശിക്ഷയ്ക്കുള്ള വ്യവസ്ഥ കൊണ്ടുവരികയാണ്, മോഹന്‍ യാദവ് വ്യക്തമാക്കി.
Content Highlights: provision for death penality for religious conversion of girls says madhya pradesh chief minister