വനിതാ സംവരണം നടപ്പാക്കാൻ 2018-ൽ തന്നെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു- പ്രിയങ്ക

#ന്യൂസ് ഡെസ്ക്
പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കുന്നു | Photo: Sansad TV
പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കുന്നു | Photo: Sansad TV

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതിക്കും മണ്ഡല പുനർനിർണയത്തിനുമുള്ള ബില്ലിന്മേലിലുള്ള ചർച്ചയിൽ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി എംപി. 2023-ൽ തന്നെ പാർലമെന്റ് വനിതാ സംവരണ ബിൽ ഐക്യകണ്‌ഠേന പാസാക്കിയതാണെന്നും എന്നാൽ, അത് നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബിൽ പാസാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 2018-ൽ തന്നെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നതായും പ്രിയങ്കാ ഗാന്ധി ഓർമിപ്പിച്ചു.

''2019-ഓടെ വനിതകൾക്കുള്ള സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2018-ൽ തന്നെ രാഹുൽ ഗാന്ധി മോദിജിക്ക് ഒരു കത്തെഴുതിയിരുന്നു. പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെ കളിയാക്കിയേക്കാം. പക്ഷേ, അദ്ദേഹം രാഹുലിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ട്. അതാണ് നമ്മൾ ഇന്ന് ഇതേ വിഷയം ചർച്ചചെയ്യുന്നത്'', പ്രിയങ്കാ ഗാന്ധി പരിഹാസത്തോടെ പറഞ്ഞു.

2010-ൽ യുപിഎ സർക്കാർ വനിതാ സംവരണ ബിൽ പാസാക്കാൻ സമ്മർദം ചെലുത്തിയിരുന്നതായും പ്രിയങ്കാ ഗാന്ധി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 2010-ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് കോൺഗ്രസ് വനിതാ സംവരണ ബിൽ പാസാക്കാൻ സമ്മർദം ചെലുത്തിയത്. അത് രാജ്യസഭയിൽ പാസായി. എന്നാൽ, ലോക്‌സഭയിൽ സമവായമുണ്ടാക്കാനായില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

''ഓരോ സ്ത്രീയുടെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വിഷയമാണിത്. ഇതിന് ഒരു പശ്ചാത്തലവുമുണ്ട്. ഈ വിഷയം 30 വർഷമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, 1931-ൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിൽ മോത്തിലാൽ നെഹ്‌റു ഈ അവകാശങ്ങൾ പ്രമേയമായി പാസാക്കുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിനുള്ള അടിസ്ഥാനങ്ങൾ രൂപപ്പെടുത്തുകയുംചെയ്തിരുന്നു. പഞ്ചായത്തുകളിലും നഗരപാലികകളിലും വനിതാ സംവരണത്തിനായി ബിൽ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പി.വി. നരസിംഹറാവു സർക്കാരിന്റെ കാലത്താണ് അതിനുള്ള ബിൽ പാസാക്കിയത്'', പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

2023-ൽ വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കിയപ്പോൾ കോൺഗ്രസ് അതിനെ പിന്തുണച്ചിരുന്നു. ഇന്നും കോൺഗ്രസ് വനിതാ സംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നു. പക്ഷേ, സത്യമെന്തെന്നാൽ ഇവിടെ ഇപ്പോൾ ചർച്ചചെയ്യുന്നത് വനിതാ സംവരണമല്ല. മണ്ഡല പുനർനിർണയം ഉൾപ്പെടുത്തി സർക്കാർ ഈ ചർച്ചയുടെ ദിശ മാറ്റിയിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

Content Highlights: Priyanka Gandhi highlights the delay in implementing the Women's Reservation Bill., Claims the government is using delimitation to divert attention from the reservation issue., References historical efforts by Congress leaders including Rajiv Gandhi and Manmohan Singh., Reaffirms Congress support for the reservation policy in 2026.