'ബിൽ പാസായാലും ഇല്ലെങ്കിലും ജയിക്കുമെന്ന് അവർ കരുതി, പക്ഷെ ആദ്യമായി പരാജയപ്പെട്ടു; NDA യുടെ കരിദിനം’

#ന്യൂസ് ഡെസ്ക്
പ്രിയങ്ക ഗാന്ധി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ, മാതൃഭൂമി
പ്രിയങ്ക ഗാന്ധി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ, മാതൃഭൂമി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാർലമെന്റിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രയിങ്കാ ഗാന്ധി. എൻഡിഎ ആദ്യമായി പരാജയം നേരിട്ടുവെന്നും അവർ ഞെട്ടിപ്പോയെന്നും ഇത് പ്രതിപക്ഷ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. അധികാരത്തിൽ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗുഢാലോചനയ്ക്കേറ്റ തിരിച്ചടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.

അംഗസംഖ്യ കൂട്ടി ജനാധിപത്യത്തെ തകർക്കാനുള്ള നീക്കത്തെ പ്രതിപക്ഷം തടഞ്ഞു. വനിതകളെ മറയാക്കി ഭരണത്തിൽ പിടിച്ചുനിൽക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് വനിതകളുടെ രക്ഷക പരിവേഷത്തിനായാണ്. വോട്ടെടുപ്പ് പരാജയപ്പെട്ട ദിനത്തെ ബിജെപി വിശേഷിപ്പിച്ചത് കരിദിനമെന്നാണ്. അജണ്ട പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപിക്ക് കരിദിനമായതെന്നും പ്രിയങ്കാ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മുഖത്ത് പരാജയത്തിന്റെ ആഘാതം കാണാമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

രാജ്യം ഒരുപാട് മാറി. ഇനി പിആർ വർക്ക് ഇന്ത്യയിൽ നടക്കില്ല. 2023ൽ പാസാക്കിയ വനിതാ സംവരണം നിലവിലെ സീറ്റ് ഘടനയിൽ മാറ്റം വരുത്താതെ നടപ്പിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 

എങ്ങനെയെങ്കിലും ഒരു സ്ഥിരം സർക്കാർ രൂപീകരിക്കണം. ആ പദ്ധതിയുടെ ഭാഗമായാണ് പെട്ടെന്ന് പാർലമെന്റ് സെഷൻ വിളിച്ചു ചേർത്തത്. അധികാരത്തിൽ തുടരാനുള്ള ഗുഢാലോചന നടന്നുവെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു. ബിൽ പാസാക്കിയാലും ഇല്ലെങ്കിലും അത് വിജയമാകുമെന്ന് ഭരണപക്ഷം കണക്കു കൂട്ടി. എന്നാൽ അത് അത്ര എളുപ്പമല്ലെന്നും സ്ത്രീ സംവരണത്തിനപ്പുറം വിഷയം കടന്നുവന്നിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

വനിതാ സംവരണത്തിന് തങ്ങൾ എതിരല്ലെന്ന് പറഞ്ഞ പ്രിയങ്കാ ഗാന്ധി, നിലവിലെ സമീപനത്തിന് പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു. നിലവിൽ അവതരിപ്പിക്കപ്പെട്ട ബില്ല് യഥാർത്ഥത്തിൽ വനിതാ സംവരണബില്ല് അല്ലെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.

Content Highlights: Priyanka Gandhi labels recent parliamentary events as a democratic victory., Claims the BJP's 2026 agenda to hold power has faced a significant setback., Criticizes the government's approach to the Women's Reservation Bill., Highlights the end of PR-driven politics in India.