‘വിദ്യാഭ്യാസ പരിഷ്കരണ സമിതിയിൽ ഗോമൂത്ര വിദഗ്ധൻ’; പരിഹാസവുമായി പ്രിയങ്ക, ഗോമൂത്രം കുടിക്കണമെന്ന് BJP

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ പരീക്ഷാ പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്രയും ബിജെപി നേതാക്കളും തമ്മിൽ വാക്‌പോര്. കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച വിദ്യാഭ്യാസ പരിഷ്കരണ സമിതിയിലെ അംഗത്തെ പ്രിയങ്ക ഗാന്ധി 'ഗോമൂത്ര വിദഗ്ധൻ' എന്ന് വിശേഷിപ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള ബിജെപി എംപിമാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയാണ് പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തിയത്. പരീക്ഷാ രീതികൾ പരിഷ്കരിക്കാൻ പുതിയ സമിതികൾ രൂപീകരിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും മുൻപ് രൂപീകരിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. പുതിയ സമിതിയിൽ ഒരു മുൻ ഐബി മേധാവിയും ഐടി കമ്പനി ഉടമയും ഒപ്പം ഒരു 'ഗോമൂത്ര വിദഗ്ധനുമുണ്ട്' എന്നും പ്രിയങ്ക പരിഹസിച്ചു. ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ ഉദ്ദേശിച്ചായിരുന്നു പ്രിയങ്കയുടെ വമർശനം.
ഗോമൂത്രത്തിന് ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്ന അശാസ്ത്രീയ പ്രസ്താവന നടത്തി മുൻപ് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് കാമകോടി. 2025 ജനുവരിയിൽ ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഇത്. ഗോമൂത്രത്തിന്റെ ഈ ഗുണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങൾ നിലവിലുണ്ടെന്നും ഇദ്ദേഹം അന്ന് അവകാശപ്പെട്ടിരുന്നു. ബിജെപി-ആർഎസ്എസ് നിലപാടുകളുള്ള കാമകോടിക്കെതിരേ അന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു.
പാർലമെന്റിലെ പ്രിയങ്കയുടെ പരിഹാസത്തിനു പിന്നാലെ ബിജെപി എംപി അനുരാഗ് താക്കൂർ വിമർശനവുമായി രംഗത്തെത്തി. രാജ്യം ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞനെ പ്രിയങ്ക അപമാനിച്ചുവെന്ന് അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. പ്രിയങ്കയും രാഹുൽ ഗാന്ധിയും ഒരേപാതയിലാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. മൂല്യങ്ങളേക്കുറിച്ച് അറിയാൻ അവർ ആർഎസ്എസിൽ ചേരണമെന്നും അപ്പോഴേ രാജ്യത്തേക്കുറിച്ച് ചിന്തയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. തലച്ചോർ നന്നായി പ്രവർത്തിക്കാൻ അവർ ഗോമൂത്രം കുടിക്കണമെന്നും താക്കൂർ പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സിജെപി നടത്തിയ സമരത്തെ തുടർന്ന് മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. തുടർന്നാണ് രാജ്യത്തെ പരീക്ഷാ സംവിധാനം ഉടച്ചുവാർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല കർമ്മസമിതി രൂപീകരിച്ചത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി നയിക്കുന്ന ഈ സമിതിയിൽ ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ കൂടാതെ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ തപൻ ഡേക്ക, മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ദ്ധനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അമൃത് ലാൽ മീണ എന്നിവരും ഉൾപ്പെടുന്നു.
Content Highlights: Priyanka Gandhi criticized the new exam reform committee during parliamentary sessions., Controversy erupted over her 'cow urine expert' remark regarding IIT Madras Director V. Kamakoti., BJP MP Anurag Thakur defended the committee member and retaliated against the Gandhi family., The high-level committee, led by Nandan Nilekani, was formed following NEET irregularities., The committee aims to overhaul the national examination system to prevent future malpractices.