ഓപ്പറേഷൻ സിന്ദൂർ പരാമർശം; ‘തെറ്റുചെയ്തിട്ടില്ല’, മാപ്പുപറയില്ലെന്ന് പൃഥ്വിരാജ് ചവാൻ

പൃഥ്വിരാജ് ചവാൻ, Photo: PTI
പൃഥ്വിരാജ് ചവാൻ, Photo: PTI

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടിരുന്നെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍. തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പുപറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാകിസ്താനെ പിന്തുണയ്ക്കുന്നവരാണെന്നും ഒട്ടേറെ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിസ്സഹായരായിരിക്കുകയുമാണെന്ന് ബിജെപിയും ആരോപിച്ചു.

'പ്രസ്താവനയില്‍ ക്ഷമ ചോദിക്കില്ല. അതിന്റെ ആവശ്യമില്ല. ഞാന്‍ തെറ്റായ പരാമര്‍ശം നടത്തിയിട്ടില്ല' -ചവാന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ പാക് സേന വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ചവാന്‍ പുണെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിച്ചത്. ഇതോടെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ പ്രതികരണവുമായി ബിജെപി വക്താവ് ഷഹ്‌സാദ് പൂനാവാല രംഗത്തെത്തി. സൈന്യത്തെ അനാദരിക്കുന്നത് കോണ്‍ഗ്രസിന്റെ ലക്ഷണമായിരിക്കുന്നു. രാഹുല്‍ ഗാന്ധിയും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഈ പ്രസ്താവനകള്‍ അവരുടെ സൈനിക വിരുദ്ധ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്നും പൂനാവാല പറഞ്ഞു. ചവാന്റെ പ്രസ്താവന ഈ ആഴ്ച പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ബിജെപി ഉപയോഗിച്ചേക്കും.

Content Highlights: Congress Leader Prithviraj Chavan Defends Controversial Operation Sindoor Remarks