പ്രധാനമന്ത്രി ബുധനാഴ്ച കുംഭമേളയില്‍; ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബുധനാഴ്ച മഹാകുംഭമേളയ്‌ക്കെത്തി പ്രയാഗ്‌രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11-നും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നിര്‍വഹിക്കുക.
പ്രയാഗ്‌രാജിലെത്തുന്ന പ്രധാനമന്ത്രി 10.10-ന് വിമാനത്താവളത്തില്‍നിന്ന് ഡി.പി.എസ്. ഹെലിപ്പാഡിലെത്തും. പത്തേമുക്കാലോടെ അരൈല്‍ ഘട്ടിലേക്ക്. 10.50-ഓടെ അരൈല്‍ ഘട്ടില്‍നിന്ന് ബോട്ട്മാര്‍ഗം മഹാകുംഭിലേക്ക്. 11-നും 11.30-നും ഇടയില്‍ പുണ്യസ്‌നാനം നിര്‍വഹിച്ച ശേഷം 11.45-ഓടെ അരൈല്‍ ഘട്ടിലേക്ക് മടങ്ങും. ശേഷം ഡി.പി.എസ്. ഹെലിപ്പാഡിലേക്ക്. തുടര്‍ന്ന് പ്രയാഗ്‌രാജ് വിമാനത്താവളത്തിലേക്ക്. അവിടെനിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്ക് മടങ്ങും.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് ജനുവരി 13-ാം തീയതി മുതല്‍ 14 കോടിയില്‍ അധികം പേര്‍ പുണ്യസ്‌നാനം നിര്‍വഹിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കിരണ്‍ റിജിജു, ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, യു.പി. മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയവര്‍ പുണ്യസ്‌നാനം നിര്‍വഹിച്ചിരുന്നു.
Content Highlights: prime minister narendra modi to take holy dip in triveni sangam on wednesday