'മാര്‍ഗദീപമേകിയ പ്രവര്‍ത്തനങ്ങള്‍, എന്നും ഓര്‍മിക്കപ്പെടും';കെ.വി.റാബിയയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാക്ഷരതാ-സാമൂഹികക്ഷേമ പ്രവര്‍ത്തകയും പദ്മശ്രീ ജേതാവുമായ കെ.വി.റാബിയയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വിയോഗത്തില്‍ വേദനയുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സാക്ഷരത മെച്ചപ്പെടുത്തുന്നതില്‍ മാര്‍ഗദീപമേകിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും എക്‌സിലൂടെ അറിയിച്ചു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അനുസ്മരണ പോസ്റ്റ്.
'പത്മശ്രീ പുരസ്‌കാരജേതാവായ കെ വി റാബിയ-ജിയുടെ വിയോഗത്തില്‍ വേദനയുണ്ട്. സാക്ഷരത മെച്ചപ്പെടുത്തുന്നതില്‍ മാര്‍ഗദീപമേകിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അവരുടെ ധൈര്യവും ദൃഢനിശ്ചയവും, പ്രത്യേകിച്ച്, പോളിയയോട് അവര്‍ പോരാടിയ രീതിയും ഏറെ പ്രചോദനാത്മകമാണ്. ദുഃഖത്തിന്റെ ഈ വേളയില്‍ അവരുടെ കുടുംബത്തോടും ആരാധകരോടും ഒപ്പമാണ് എന്റെ ചിന്തകള്‍' പ്രധാനമന്ത്രി കുറിച്ചു.
അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ കെ.വി.റാബിയ ഞായറാഴ്ചയാണ് അന്തരിച്ചത്.
Content Highlights: PM Modi mourned the passing of Padma Shri awardee K.V. Rabiya