കോൺഗ്രസിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രണബ് മുഖർജിയുടെ മകൻ; ഹൈക്കമാൻഡിനെ കാണാൻ സമയംതേടി

അഭിജിത്ത് മുഖര്‍ജി | File Photo: PTI
അഭിജിത്ത് മുഖര്‍ജി | File Photo: PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി. 2021-ല്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അഭിജിത്ത്, പ്രവര്‍ത്തന രീതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ അഗ്രഹം പ്രകടിപ്പിച്ചത്. ഹൈക്കമാന്‍ഡിനെ കാണാന്‍ സമയം ചോദിച്ച അഭിജിത്ത്, സ്വീകരിക്കുകയാണെങ്കില്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരാമെന്ന് വ്യക്തമാക്കി.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ജംഗിപ്പുരില്‍ അഭിജിത്ത് തോറ്റിരുന്നു. ജംഗിപുര്‍ നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു അഭിജിത്ത് തൃണമൂലില്‍ ചേര്‍ന്നത്. നല്‍ഹതിയില്‍നിന്ന് അഭിജിത്ത് പശ്ചിമബംഗാള്‍ നിയമസഭയിലും അംഗമായിരുന്നു.

2019-ലെ തോല്‍വിയുടെ കാരണം തനിക്കും ഹൈക്കമാന്‍ഡിനും അറിയാമെന്നും എന്നാല്‍, പുറത്തുപറയാന്‍ കഴിയില്ലെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസില്‍ അവഗണന നേരിടുമ്പോഴായിരുന്നു മമത ബാനര്‍ജി ബന്ധപ്പെട്ടത്. എന്നാല്‍, തൃണമൂലില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നും കോണ്‍ഗ്രസിന്റെ തൊഴില്‍ സംസ്‌കാരമല്ല തൃണമൂലിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Ex-President Pranab Mukherjee's son Abhijit Mukherjee expresses desire to rejoin Congress