'മതവികാരം വ്രണപ്പെടുത്തി'; പോണ്ടിച്ചേരി സര്‍വകലാശാലാവിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു

Photo : Facebook / Pondicherry University
Photo : Facebook / Pondicherry University

പുതുച്ചേരി: പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വാര്‍ഷിക സാംസ്‌കാരിക പരിപാടിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന്  ഒരുസംഘം വിദ്യാര്‍ഥികള്‍ക്കെതിരേയും പരിപാടിയുമായി ബന്ധമുള്ള ചില വ്യക്തികള്‍ക്കെതിരേയും കാലാപേട്ട് പോലീസ് കേസെടുത്തു. പെര്‍ഫോമിങ് ആട്‌സ് വകുപ്പ് കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച 'ഏഴിനി 2k24' എന്ന പരിപാടിയില്‍ രാമായണകഥയെ അപമാനിക്കുന്നവിധത്തില്‍ നാടകം അവതരിപ്പിച്ചതായാണ് പരാതി. സോമായനം എന്ന പേരിലവതരിപ്പിച്ച നാടകത്തില്‍ രാമായണത്തിലെ കഥാപാത്രങ്ങളേയും സംഭവങ്ങളേയും അവഹേളിച്ചതായി ആരോപിച്ച് എബിവിപി പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. 

മാര്‍ച്ച് 29 നായിരുന്നു വിവാദപരമായ നാടകത്തിന്റെ അവതരണം. നാടകത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 30ന് രാത്രി എബിവിപി പ്രതിഷേധസമരം നടത്തി. തുടര്‍ന്ന് വിഷയത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നാടകത്തിന്റെ രചയിതാവും സംവിധായകനുമായ വ്യക്തി ഉള്‍പ്പെടെ നാടകാവതരണത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമെതിരേ കേസെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

സംഭവത്തെക്കുറിച്ച് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാടകത്തെ കുറിച്ച് പരാതി ലഭിച്ചതായും അന്വേഷണത്തിനായി പ്രത്യേകസമിതിയെ നിയോഗിച്ചതായും സര്‍വകലാശാല രജിസ്ട്രാര്‍ ഞായറാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു. നാടകത്തിന്റെ സംവിധായകനേയും അവതരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളേയും കൂടാതെ പെര്‍ഫോമിങ് ആര്‍ട്‌സ് വകുപ്പ് മേധാവിക്കെതിരേയും എബിവിപി അച്ചടക്കനടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 


 

Content Highlights: Police book Pondicherry University students for staging play that ‘outraged religious feelings’