അടിമുടി മാറി, പിഎം ശ്രീ വന്നശേഷം മയ്യഴിയിലെ ഉസ്മാൻ ഹൈസ്കൂൾ; കർണാടകയിൽ പാഠ്യ പദ്ധതി മാറിയില്ല

കണ്ണൂർ: ‘‘നേരത്തേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപേക്ഷ നൽകി കാത്തുനിൽക്കണമായിരുന്നു. ഇപ്പോൾ അതുവേണ്ട, ഒരു കാര്യത്തിനും പുറത്തേക്ക് കൈനീട്ടേണ്ട. ഫണ്ട് സ്കൂളിന്റെ ആവശ്യത്തിനനുസരിച്ച് എങ്ങനെ ചെലവഴിക്കണമെന്ന് നമുക്ക് തീരുമാനിക്കാം’’ പറയുന്നത് മയ്യഴിയിലെ പിഎം ശ്രീ ചാലക്കര ഉസ്മാൻ ഹൈസ്കൂൾ പ്രഥമാധ്യാപകൻ കെ.വി. മുരളീധരൻ. യഥേഷ്ടം ഫണ്ട് ലഭിക്കുന്നു, അത് ആവശ്യത്തിനനുസരിച്ച് ചെലവഴിക്കാനാവുന്നു എന്നതാണ് ഗുണം. 75 ശതമാനം രക്ഷിതാക്കൾക്ക് പ്രാതിനിധ്യമുള്ള സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നത്. മാർഗരേഖ പ്രകാരമുള്ള വിനിയോഗം സമഗ്രശിക്ഷ അഭിയാൻ പ്രോജക്ട് ഓഫീസ് മുതൽ ദേശീയതലത്തിൽ വരെ നിരീക്ഷിക്കും.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ഉൾപ്പെട്ട മയ്യഴിയിൽ പന്തക്കൽ ഐ.കെ. കുമാരൻ ഹയർസെക്കൻഡറി, ജവാഹർ നവോദയ, കേന്ദ്രീയവിദ്യാലയങ്ങൾ എന്നിവ പദ്ധതിയിലുണ്ട്. 2024 അവസാനം പദ്ധതിയിൽ ചേർന്നശേഷം ഇതുവരെ ഉസ്മാൻ ഹൈസ്കൂളിന് 44 ലക്ഷം രൂപയാണ് ലഭിച്ചത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂൾ അടിമുടി മാറി. ഏഴ് സ്മാർട്ട് ക്ലാസ് മുറികൾമുതൽ പ്രീപ്രൈമറി കുട്ടികൾക്കായി കളിമുറികൾവരെ സജ്ജമാക്കി. അക്കാദമിക് തലത്തിലും നിരവധി ഇടപെടലുകളുണ്ടായി. പഠനയാത്രയ്ക്കായി 2.3 ലക്ഷം രൂപയാണ് സ്കൂളിന് കഴിഞ്ഞവർഷം അനുവദിച്ചത്. വാർഷികാഘോഷത്തിന് ഒരുലക്ഷം. മറ്റ് സ്കൂളുകളിൽ ഇതിനൊക്കെ വിദ്യാർഥികളിൽനിന്ന് പണം സമാഹരിക്കുകയാണ് ചെയ്യുന്നത്. യോഗ പരിശീലനത്തിന് ഒരുലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. ഭിന്നശേഷി വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിന് എസ്‌കോർട്ട് അലവൻസായി രക്ഷിതാക്കൾക്ക് 2000 രൂപ പ്രതിവർഷം നൽകും. വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ നൽകാൻ വർഷം 75,000 രൂപയാണ് നീക്കിവെച്ചത്. പഠന, പഠാനാനുബദ്ധ പ്രവർത്തനങ്ങൾക്കെല്ലാം ഇതുപോെല സഹായമുണ്ട്. പദ്ധതിയിൽ ചേരുന്നതിന് മുൻപ് ഉസ്മാൻ ഹൈസ്കൂളിന് സമഗ്രശിക്ഷ വഴി വർഷം അഞ്ചുലക്ഷത്തോളം രൂപയാണ് കിട്ടിയത്.
മയ്യഴിയിൽ ഹൈസ്കൂളുകൾക്ക് സമഗ്രശിക്ഷ വഴി നൽകുന്നത് ശരാശരി 3.5 ലക്ഷം രൂപയാണ്. ഹയർസെക്കൻഡറിക്ക് നാലുലക്ഷം. പിഎം ശ്രീ സ്കൂളുകളിലേതു പോലെ ഭൗതിക, അക്കാദമിക സൗകര്യങ്ങൾ ഒരുക്കാൻ ഇതുകൊണ്ട് കഴിയില്ല.
സിലബസിൽ പ്രശ്നമില്ല
പുതുച്ചേരിയിൽ എല്ലാ സ്കൂളുകളും പിന്തുടരുന്ന സിബിഎസ്ഇ സിലബസാണ് പിഎം ശ്രീ സ്കൂളുകളിലുമുള്ളത്. മറ്റൊരുതരത്തിലുള്ള ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ഉസ്മാൻ ഹൈസ്കൂൾ പ്രഥമാധ്യാപകൻ കെ.വി. മുരളീധരൻ പറഞ്ഞു.
കേരളത്തിലില്ല, സ്ഥിരം സഹായം
പിഎം ശ്രീ സ്കൂളുകളിലേതുപോലെ കേരളത്തിലെ സർക്കാർ സ്കൂളുകൾക്ക് സ്ഥിരമായി സാമ്പത്തികസഹായങ്ങളൊന്നും കിട്ടുന്നില്ല. യൂണിഫോമിന് ഒന്നാംതരം മുതൽ എട്ടുവരെയുള്ള വിദ്യാർഥികൾക്ക് ഒരാൾക്ക് 600 രൂപ വീതം കിട്ടുന്നതും ഉച്ചഭക്ഷണത്തിനുള്ള വിഹിതവുമാണ് സഹായങ്ങളിൽ പ്രധാനം. 1000 കുട്ടികളുള്ള സ്കൂളുകൾക്ക് ഒരുലക്ഷം രൂപയും താഴെയുള്ളവയ്ക്ക് 75,000 രൂപയും എസ്എസ്‌കെ മെയ്ൻറനൻസ് ഗ്രാൻറ് നൽകുന്നത് രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ജില്ലാ പഞ്ചായത്തുകൾക്ക് കീഴിലുള്ള സ്കൂളുകൾക്ക് ആവശ്യാനുസരണം മെയ്ന്റനൻസ് ഗ്രാന്റ് നൽകുന്നുണ്ട്. എംഎൽഎ, എംപി ഫണ്ടും കിട്ടും. ഇത്തരത്തിൽ പലതരം ഫണ്ടുകൾ ഉപയോഗിച്ചാണ് മിക്ക സ്കൂളുകളിലും ആധുനിക, പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയത്.
കര്‍ണാടകയില്‍ പാഠ്യ പദ്ധതി മാറിയില്ല;പേരുമാറ്റി, മുഖം മിനുക്കി
ബെംഗളൂരു: സ്‌കൂള്‍ക്കെട്ടിടത്തിനുമുകളിലെ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാരിന്റെ ചിഹ്നം പതിച്ചു. പിഎം ശ്രീ ശാലെ(സ്‌കൂള്‍) എന്ന് പേര് മാറ്റിയെഴുതി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് ഉപയോഗിച്ച് കെട്ടിടം മോടികൂട്ടി. കണക്ക് ലാബ്, ശാസ്ത്ര ലാബ്, കംപ്യൂട്ടര്‍ ലാബ്, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയവ സ്ഥാപിച്ചു.
ബെംഗളൂരുവിലെ ഹെബ്ബാള്‍ ഗവ. ഹയര്‍ പ്രൈമറി സ്‌കൂളില്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കിയതിങ്ങനെ. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പാഠ്യപദ്ധതിയും പാഠപുസ്തകവുംതന്നെയാണ് പഠിപ്പിക്കുന്നതെന്നും അതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധ്യാപകര്‍ വ്യക്തമാക്കി. ഇനി ദേശീയ പാഠ്യപദ്ധതിപ്രകാരമുള്ള പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ നിര്‍ദേശംവരുമോ എന്ന ചോദ്യത്തിനുമുന്‍പില്‍ അവര്‍ക്ക് ഉത്തരമില്ല.
ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2022-ലാണ് സ്‌കൂള്‍ പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അന്നത്തെ ബിജെപി സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസനയം കര്‍ണാടകത്തില്‍ നടപ്പാക്കുകയായിരുന്നു. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയ ആദ്യസംസ്ഥാനമായിരുന്നു കര്‍ണാടക.
എന്നാല്‍, 2023-ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. പകരം സംസ്ഥാന വിദ്യാഭ്യാസനയത്തിന് രൂപംനല്‍കാന്‍ തീരുമാനിച്ചു. നയത്തിന്റെ കരട് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കര്‍ണാടകത്തിലെ പിഎം ശ്രീ സ്‌കൂളുകളില്‍ ദേശീയ വിദ്യാഭ്യാസനയ പ്രകാരമുള്ള പാഠ്യപദ്ധതി നടപ്പാക്കുന്നത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായേക്കില്ലെന്നാണ് സൂചന.
നിലവാരമുയര്‍ത്തി സര്‍ക്കാര്‍ വിദ്യാലയം
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കിയതോടെ സ്‌കൂളിന്റെ നിലവാരമുയര്‍ന്നതായി അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയമാണിത്. പല ഏജന്‍സികളുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് വികസനം നടന്നുവന്നത്. 2016-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ ലഭിച്ച 40 ലക്ഷത്തോളം രൂപ മറ്റുള്ള അടിസ്ഥാനവികസനത്തിനായി ഉപയോഗിക്കാനായി. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുവരെ പദ്ധതിയില്‍നിന്ന് തുക ലഭിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠനനിലവാരം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായും അധ്യാപകര്‍ പറഞ്ഞു.
655 സ്‌കൂളില്‍ പിഎം ശ്രീ
കര്‍ണാടകത്തിലെ 655 സ്‌കൂളില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയതായാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. 12 പ്രൈമറി സ്‌കൂളിലും 421 അപ്പര്‍ പ്രൈമറി സ്‌കൂളിലും 148 സെക്കന്‍ഡറി സ്‌കൂളിലും നാല് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 39 കേന്ദ്രീയ വിദ്യാലയത്തിലും 30 നവോദയ സ്‌കൂളിലും ഒരു എന്‍സിഇആര്‍ടി സ്‌കൂളിലും പദ്ധതി നടപ്പാക്കി.
Content Highlights: PM SHRI schools receive ample funding for infrastructure & academic upgrades. See how this impacts learning and school development.