മോദിയുടെ US സന്ദർശനം: വമ്പൻ പ്രഖ്യാപനങ്ങൾ കാത്ത് രാജ്യം, H-1B വിസ മാനദണ്ഡങ്ങളിൽ മാറ്റംവന്നേക്കും

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റേറ്റ് വിസിറ്റിന്റെ രണ്ടാം ദിനത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പ്രതിരോധമേഖലകളിലെ സഹകരണം മുതൽ ബഹിരാകാശ പര്യവേഷണങ്ങൾ, വിസ മാനദണ്ഡങ്ങളിലെ ലഘൂകരണം തുടങ്ങിയ മേഖലകളിലാണ് വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കോൺസുലേറ്റുകൾ തുറക്കാനും എച്ച്1ബി വിസ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അഞ്ച് യു.എസ്. കോൺസുലേറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്. പുതുതായി ഒരെണ്ണം കൂടി അടുത്തുതന്നെ തുറക്കും. ഇന്ത്യയിൽ ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ യു.എസ്. കോൺസുലേറ്റ് ആരംഭിച്ചേക്കും.
വിസാ മാനദണ്ഡങ്ങൾ പുതുക്കുന്നത് അമേരിക്കയിലെ ഇന്ത്യക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും. എച്ച്1ബി വിസയിൽ യുഎസിൽ താമസിക്കുന്നവർക്ക് മറ്റു രാജ്യങ്ങളിൽ ചെല്ലാതെ യു.എസിൽ നിന്നുതന്നെ വിസ പുതുക്കാൻ സാധിക്കും. റോയിട്ടേഴ്സിന്റെ 2022-ലെ കണക്കുകൾ പ്രകാരം, എച്ച്1ബി വിസയിൽ താമസിക്കുന്ന 4,42,000 തൊഴിലാളികളിൽ 73 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.
അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ മൈക്രോൺ ടെക്നോളജിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്യും. ഇത് മറ്റൊരു നാഴികക്കല്ലായി മാറും. ഓട്ടോ മൊബൈൽ, ഇലക്ട്രോണിക്സ് മേഖലയിൽ ഇത് വലിയൊരു കുതിപ്പിന് കാരണമാകുമെന്നാണ് കരുതുന്നത്.
ബഹിരാകാശ പര്യവേശത്തിന്റെ ഭാഗമായുള്ള ആർട്ടെമിസ് ഉടമ്പടിയിലും ഇന്ത്യ ഭാഗമാകും. 2025-ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് ഇത്. ചൊവ്വയിലേക്കും മറ്റും ബഹിരാകാശ പര്യവേഷണം വ്യാപിപ്പിക്കുക എന്ന ഉദ്ദേശവും പദ്ധതിക്കുണ്ട്.
Content Highlights: pm narendra modi state visit Mega India US Deals New H1 B Visa Rules Space Pact More Consulates